Life Style

നല്ല ആരോഗ്യത്തിന് കൂണ്‍

 

ഏത് പ്രായത്തിലുള്ളവര്‍ക്കും കഴിക്കാവുന്ന ഒരു സമ്പൂര്‍ണ സംരക്ഷിതാഹാരമാണ് കൂണ്‍. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്‍. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.

കൂണിനങ്ങള്‍ ഏകദേശം 10,000 ഉണ്ടെങ്കിലും രണ്ടായിരത്തോളം മാത്രമാണ് ഭക്ഷ്യയോഗ്യമായവ. കേരളത്തില്‍ കൃഷി ചെയ്യാവുന്നവ 250 ഓളം ഇനങ്ങള്‍ മാത്രം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന ഇനം ബട്ടണ്‍ കൂണ്‍ ആണ്. എന്നാല്‍, കേരളത്തില്‍ കൃഷിക്ക് അനുയോജ്യം ചിപ്പിക്കൂണും പാല്‍ക്കൂണുമാണ്.

പ്രകൃതിയില്‍ കൂണുകളെ കച്ചിക്കൂനകളിലും ജീര്‍ണിച്ച മരത്തടികളിലും ചിതല്‍പ്പുറ്റുകളുള്ള സ്ഥലങ്ങളിലും മരങ്ങളുടെ തടങ്ങളിലും ജൈവാംശം കൂടുതലുള്ള മണ്ണിലും കാണാം. ഇനം, വളര്‍ച്ചാഘട്ടം, കാലാവസ്ഥ ഉപയോഗിക്കുന്ന ജൈവാവശിഷ്ടം എന്നിവയെ ആശ്രയിച്ച് കൂണിന്റെ പോഷകാഹാരമൂല്യം വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. കൂണ്‍, മാംസ്യം, ഭക്ഷ്യനാരുകള്‍, വൈറ്റമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവയുടെ കലവറയാണ്.

കൂണ്‍ മനുഷ്യന്റെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കുന്നു. കാന്‍സറിനുള്ള സാധ്യതയും കുറയ്ക്കുന്നു. ഭക്ഷ്യയോഗ്യമായ മിക്ക കൂണുകളും പ്രോസ്റ്റേറ്റ്, ബ്രസ്റ്റ് കാന്‍സറുകളെ തടുക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

കൂണിലെ അന്നജം വിഘടിക്കപ്പെടുമ്പോള്‍ സ്റ്റാര്‍ച്ച്, പെന്റോസുകള്‍, ഹെക്സോസുകള്‍, ഡൈസാക്രയിഡുകള്‍, അമിനോ ഷുഗറുകള്‍, ഷുഗര്‍ ആല്‍ക്കഹോളുകള്‍ എന്നിവ ഉണ്ടാകുന്നു.

നാരിലെ ഘടകങ്ങള്‍ ഭാഗികമായി ദഹിക്കപ്പെടുന്ന പോളീസാക്‌റൈഡുകളും കൈറ്റിനുമാണ് ഭക്ഷ്യക്കൂണുകളിലെ കൊഴുപ്പ് അപൂരിത വിഭാഗത്തില്‍പെടുന്നു. അതിനാല്‍ കലോറി മൂല്യം വളരെ കുറവും കൊളസ്ട്രോള്‍ രഹിതവുമാണ്.

റേഡിയോ കീമോതെറാപ്പികളുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുവാനും ഇവയ്ക്ക് കഴിവുള്ളതായി ലെന്റിനുല, ട്രാമീറ്റസ്, ബട്ടണ്‍ എന്നീ കൂണുകളുടെ പഠനങ്ങള്‍ തെളിയിക്കുന്നു. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനെ കുറയ്ക്കുവാന്‍ ചിപ്പിക്കൂണുകള്‍ക്കും കഴിവുണ്ട്.

ബട്ടണ്‍ കൂണിന്റെ ഉപയോഗം ഇന്‍സുലിന്റെ ഉല്‍പാദനം കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊളസ്ട്രോള്‍ എന്നീ ജീവിതശൈലീരോഗങ്ങള്‍ക്ക് കൂണ്‍ ഒരു പ്രതിവിധിയാണ്.

കരള്‍, കിഡ്നി എന്നിവയെ സംരക്ഷിക്കുന്നതായി കാണുന്നു. ശ്വാസകോശരോഗങ്ങളെ പരിഹരിക്കുന്നു. വിളര്‍ച്ചയെ തടയുന്നു. നല്ല മാനസികാവസ്ഥ നിലനിര്‍ത്തുവാനും കൂണ്‍ സഹായകമാണ്.

Related Articles

Post Your Comments


Back to top button