06 March Saturday

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ തെളിവും മൊഴിയുമില്ലെന്നു വ്യക്തമാക്കി എന്‍ഐഎ

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021

കൊച്ചി>  തിരുവനന്തപുരത്തെ യു എഇ കോണ്‍സുലേറ്റ്  വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ. കേസിലെ പ്രതി സ്വപ്ന സുരേഷ് ഇത്തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും സ്വര്‍ണ്ണക്കടത്തിലെ മുഖ്യ കേസ് അന്വേഷിച്ച  എന്‍ഐഎ യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായി സ്വപ്ന രഹസ്യമൊ‍ഴിയില്‍ പറഞ്ഞു എന്ന തരത്തില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാവാങ്മൂലം കൊടുത്തതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിക്കോ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനോ എതിരെ സ്വപ്ന എന്‍ഐഎയ്ക്ക് മൊ‍ഴിനല്‍കിയിട്ടില്ലെന്ന് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ശിവശങ്കറിനെ പ്രതിചേര്‍ക്കാനുള്ള ഒരു തെളിവും ലഭിച്ചില്ല. എന്നാല്‍ മറ്റ് ഏജന്‍സികള്‍ക്ക് ഇത്തരത്തില്‍ മൊ‍ഴിനല്‍കിയോ എന്ന് അറിയില്ലെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു.

നവംബറില്‍ നല്‍കിയ 164 സ്റ്റേറ്റ്മെന്‍റിലെ പരാമര്‍ശം എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കസ്റ്റംസ് നല്‍കിയ സത്യമാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്ന് കൂടുതല്‍ വ്യക്‌തമാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. സ്വര്‍ണ്ണ ക്കടത്തിന്റെ പ്രധാന കേസ് അന്വേഷിച്ചത് എന്‍ഐഎയാണ്. ചില അനുബന്ധ കേസുകളാണ് കസ്റ്റംസ്,എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവ അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിന്റെ മറവില്‍ പുകമറ സൃഷ്ടിയ്ക്കാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് എന്‍ ഐ എ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top