ലക്ഷക്കണക്കിനു മനുഷ്യർക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുക, ഇതുവഴി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയിലേക്ക് അവരെ തള്ളിവിടുക, പൊലീസും അർധസൈനിക വിഭാഗങ്ങളും കോട്ട തീർത്ത് അപകടകരവും മനുഷ്യത്വവിരുദ്ധവുമായ സാഹചര്യം സൃഷ്ടിക്കുക, മാധ്യമപ്രവർത്തകർ കർഷകപ്രക്ഷോഭകരെ കാണുന്നത് മിക്കവാറും അസാധ്യമാക്കുക–-ഇതൊക്കെയാണ് ഇപ്പോഴത്തെ കാഴ്‌ച. മനുഷ്യാവകാശങ്ങൾക്കും അന്തസ്സിനും നേരെ ഇത്രയും ക്രൂരമായ കടന്നാക്രമണം ലോകത്ത് മറ്റൊരിടത്തും നടന്നിട്ടുണ്ടാകില്ല.
നമ്മുടെ സർക്കാരും ഭരണമേലാളന്മാരും വ്യഗ്രത കാട്ടുകയാണ്. ‘ആഗോള ഭീകരവാദികളായ റിഹാന്നയും ഗ്രെറ്റ ത്യുൻബെർഗും ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനു പിന്നിലുള്ള ഗൂഢാലോചന’ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അവർ. കഥപോലെ ഭാവനാപൂർണമാണിത്. കർഷകപ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ സത്യത്തിൽ എന്താണ് തടസ്സമെന്ന് കേന്ദ്രമന്ത്രിസഭാംഗങ്ങൾക്ക് അറിയാം. മൂന്ന് കാർഷികനിയമത്തിന്റെ കാര്യത്തിൽ കർഷകരുമായി കൂടിയാലോചന നടന്നിട്ടില്ലെന്ന് അവർക്കറിയാം; ഇതുസംബന്ധിച്ച് ഓർഡിനൻസുകൾ ഇറക്കിയതുമുതൽ കർഷകർ ഇക്കാര്യം ആവശ്യപ്പെടുന്നതാണെങ്കിലും. ഭരണഘടനാപ്രകാരം കൃഷി സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നതാണെങ്കിലും സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തിയിട്ടില്ല. പ്രതിപക്ഷ കക്ഷികളുമായോ പാർലമെന്റിൽപ്പോലുമോ ചർച്ച നടന്നിട്ടില്ല.
മന്ത്രിസഭയിൽത്തന്നെ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന് അവർക്കറിയാം; ഇക്കാര്യത്തിൽ മാത്രമല്ല, മറ്റു പല പ്രധാന വിഷയങ്ങളിലും. തങ്ങളുടെ നേതാവ് നിർദേശിക്കുന്നതുപ്രകാരം കടലിലെ തിരകളുടെ എണ്ണമെടുക്കൽ മാത്രമാണ് അവരുടെ ജോലി. പക്ഷേ, തിരകൾ പ്രക്ഷുബ്ധമാകുകയാണ്. ഉത്തർപ്രദേശിൽ വൻതോതിൽ പ്രക്ഷോഭം ഉയർന്നിരിക്കുന്നു. സർക്കാരിന്റെ അടിച്ചമർത്തലുകൾ അതിജീവിച്ച് രാകേഷ് ടിക്കായത്ത് പശ്‌ചിമ യുപിയിൽ കൂടുതൽ അനിഷേധ്യ നേതാവായി ഉയർന്നു. ജനുവരി 25ന് മഹാരാഷ്ട്രയിൽ കർഷകരുടെ വിപുലമായ പ്രക്ഷോഭമുണ്ടായി. രാജസ്ഥാൻ, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മുന്നേറ്റം പ്രകടമാണ്. മുഖ്യമന്ത്രിക്ക് പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ ഹരിയാന സർക്കാർ ദുർബലമായിരിക്കുന്നു.
പഞ്ചാബിലെ ഓരോ കുടുംബവും പ്രക്ഷോഭകർക്കൊപ്പമാണ്. നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർഥികളെ നിർത്താൻപോലും കഴിഞ്ഞില്ല. യുവ തലമുറയാകെ ബിജെപിയിൽനിന്ന് അകന്നു, ഭാവിയിൽ ഇതു വലിയ പ്രത്യാഘാതം സൃഷ്ടിക്കും. കർഷകരും അർഹത്യ(കമീഷൻ ഏജന്റുമാർ)കളും തമ്മിൽ അടക്കം, സമൂഹത്തിന്റെ വിവിധ മേഖലകളിലെ പരമ്പരാഗത വൈരികൾ തമ്മിൽ ഐക്യം രൂപംകൊണ്ടിരിക്കുന്നു. അതിനുമപ്പുറം സിഖുകാർ, ഹിന്ദുക്കൾ, മുസ്ലിങ്ങൾ, ജാട്ടുകൾ, ജാട്ട് ഇതരർ, ഖാൻ മാർക്കറ്റ് സമൂഹം എന്നിവരെല്ലാം ഒന്നിച്ചു.
പഞ്ചാബിനെയും ഹരിയാനയെയുംമാത്രം ബാധിക്കുന്ന പ്രശ്‌നമെന്നാണ് നേരത്തേ പറഞ്ഞത്. അതു വിലപ്പോയില്ല. ധനിക കർഷകർ പരിഷ്‌കാരങ്ങളെ എതിർക്കുകയാണെന്നും വാദമുയർന്നു. വിചിത്രമാണിത്. പഞ്ചാബിലെ കർഷകകുടുംബങ്ങളുടെ ശരാശരി വരുമാനം 18,059 രൂപയാണെന്ന് എൻഎസ്‌എസ്(നാഷണൽ സാമ്പിൾ സർവേ) വ്യക്തമാക്കുന്നു. 5.24 ആണ് കർഷകകുടുംബങ്ങളിലെ ശരാശരി അംഗബലം. അതിനാൽ പ്രതിശീർഷ വരുമാനം 3,450 മാത്രം. സംഘടിത മേഖലയിൽ ലഭിക്കുന്ന ഏറ്റവും താഴ്‌ന്ന കൂലിയേക്കാൾ കുറവ്. ഹരിയാനയുടെ കാര്യത്തിൽ ഈ കണക്കുകൾ 14,434 രൂപ, 5.9, 2,450 രൂപ എന്ന ക്രമത്തിലാണ്. എന്നിരുന്നാലും ഇതര സംസ്ഥാനങ്ങളിലെ കർഷകരെ അപേക്ഷിച്ച് ഇവർ മുന്നിലാണ്. ഗുജറാത്തിൽ കർഷകകുടുംബങ്ങളുടെ ശരാശരി വരുമാനം 7,926 രൂപയാണ്. 5.2 ആണ് ശരാശരി അംഗങ്ങൾ. പ്രതിശീർഷ വരുമാനം 1,524 രൂപയും.
അഖിലേന്ത്യാടിസ്ഥാനത്തിൽ കർഷകകുടുംബങ്ങളുടെ ശരാശരി വരുമാനം 6,426 രൂപയാണ്. പ്രതിശീർഷ വരുമാനം 1,300 രൂപ. വിവിധതുറകളിൽനിന്ന് കർഷകകുടുംബങ്ങൾക്ക് ലഭിക്കുന്ന വരുമാനം ചേർത്തുള്ള കണക്കാണിത്; കന്നുകാലി വളർത്തൽ, കാർഷികേതര ബിസിനസ്, ശമ്പളം എന്നിവ ഉൾപ്പെടെ. 2013ലെ ദേശീയ സാമ്പിൾ സർവേയിൽ വ്യക്തമായ ചിത്രമാണിത്. 2022ഓടെ കാർഷികവരുമാനം ഇരട്ടിയാക്കാൻ സർക്കാർ ലക്ഷ്യമിട്ടത് ഓർക്കുക, ഇനി 12 മാസം മാത്രമാണ് ശേഷിക്കുന്നത്. ഈ ‘സമ്പന്ന കർഷകരാണ്’ ഡൽഹിയുടെ അതിർത്തികളിൽ രണ്ട് ഡിഗ്രി സെൽഷ്യസിൽ ട്രോളികളിൽ ഉറങ്ങുകയും അഞ്ച്–-ആറ് ഡിഗ്രി സെൽഷ്യസിൽ കുളിക്കുകയും ചെയ്യുന്നത്. സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിലെ ഒരംഗം പ്രഥമ യോഗം ചേരുംമുമ്പ് രാജിവച്ചു. പ്രക്ഷോഭകരുമായി കൂടിക്കാഴ്‌ച നടത്താൻ ബാക്കിയുള്ളവർക്ക് കഴിഞ്ഞിട്ടില്ല. മാർച്ച് 12ന് സമിതി കോടതിക്ക് റിപ്പോർട്ട് നൽകുമ്പോൾ അവർക്ക്, ചർച്ച നടത്താൻ കഴിയാതെ പോയവരുടെയും ചർച്ചയ്‌ക്ക് വിസമ്മതിച്ചവരുടെയും നീണ്ട പട്ടിക ഉൾപ്പെടുത്തേണ്ടിവരും.
ഭീഷണികളും അടിച്ചമർത്തൽ ശ്രമങ്ങളും കൂസാതെ പ്രക്ഷോഭം വളരുകയാണ്. കർഷകസമരത്തെ അപകീർത്തിപ്പെടുത്താനുള്ള ഓരോ ശ്രമവും വിപരീതഫലമാണ് ഉളവാക്കുന്നത്. ഇതിൽനിന്ന് പാഠം ഉൾക്കൊള്ളാതെ സർക്കാർ കൂടുതൽ അമിതാധികാരപരവും ക്രൂരവുമായ നടപടികൾക്ക് തുനിയുന്നു. വ്യക്തിപരമായ അഹന്തയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധമെന്ന് കോർപറേറ്റ് മാധ്യമങ്ങളിൽപ്പോലും പലർക്കും അറിയാം. നയമോ കോർപറേറ്റുകൾക്ക് നൽകിയ വാഗ്‌ദാനമോ പോലുമല്ല. നിയമത്തോടുള്ള ബഹുമാനവും അല്ല, നിയമം ഭേദഗതി ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചതാണ്. രാജാവിനു തെറ്റുപറ്റില്ലെന്ന ധാരണയാണ് ഏറ്റവും വലിയ പ്രശ്‌നം. തെറ്റ് സമ്മതിക്കുകയും തിരുത്തുകയും ചെയ്യുകയെന്നത് ചിന്തിക്കാൻ കഴിയുന്നതല്ല. കർഷകർ എത്രത്തോളം അകന്നുപോയാലും നേതാവിന്റെ തെറ്റ് സമ്മതിക്കാനോ മുഖം നഷ്ടപ്പെടുത്താനോ സാധിക്കില്ല.
(മാഗ്‌സസെ അവാർഡ് ജേതാവായ പ്രമുഖ മാധ്യമപ്രവർത്തകൻ പി സായ്‌നാഥ് സ്ഥാപിച്ച മാധ്യമപ്രവർത്തന വെബ്‌സൈറ്റായ ‘പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ’യിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..