ന്യൂഡൽഹി> ഓവർസീസ് പൗരത്വകാർഡുള്ളവർ (ഒസിഐ) പ്രത്യേക അനുമതി വാങ്ങേണ്ടതിന്റെ കൂട്ടത്തിൽ തബ്‌ലീഗ് പ്രചാരണവും മാധ്യമപ്രവർത്തനവുംകൂടി ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
ഒസിഐ കാർഡുള്ളവർക്കുള്ള നിയന്ത്രണങ്ങൾ വിശദീകരിച്ച് 2019ൽ വിജ്ഞാപനം ഇറക്കിയിരുന്നു. ഗവേഷണപ്രവർത്തനങ്ങൾക്കും നയതന്ത്രസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനും നിയന്ത്രിതമേഖലകളിലെ പ്രവേശനത്തിനുമായിരുന്നു പ്രത്യേകാനുമതി തേടേണ്ടത്. ഫോറിൻ റീജ്യണൽ രജിസ്‌ട്രേഷൻ ഓഫീസിൽ (എഫ്‌ആർആർഒ)നിന്നാണ് അനുമതിവാങ്ങേണ്ടത്. അതിന്റെ കൂട്ടത്തിൽ തബ്‌ലീഗ് പ്രചാരണവും മാധ്യമപ്രവർത്തനവുംകൂടി ഉൾപ്പെടുത്തിയതാണ് ചർച്ചയാകുന്നത്.
കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽചേർന്ന തബ്‌ലീഗ് സമ്മേളനം വിവാദമായിരുന്നു. തബ്‌ലീഗ് സമ്മേളനമാണ് കോവിഡ് പടർത്തിയതെന്ന രീതിയിൽ ഒരുവിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മാധ്യമങ്ങളുടെ വിദ്വേഷപ്രചാരണത്തിന് എതിരെ തബ്‌ലീഗുകാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ സംവിധാനംവേണമെന്ന് ഈ കേസിൽ നിരീക്ഷിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..