അഹമ്മദാബാദ്
സമ്മർദഘട്ടത്തിൽ അടിപതറാതെ വീണ്ടും ഋഷഭ് പന്ത്. ഓസ്‌ട്രേലിയൻ പര്യടനത്തിൽ കാട്ടിയ അതേ വീര്യം ഇംഗ്ലണ്ടിനെതിരെയും പുറത്തെടുത്ത ഈ ഇരുപത്തിമൂന്നുകാരന്റെ ചിറകിലേറി ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആധിപത്യമുറപ്പിച്ചു. രണ്ടാംദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഏഴിന് 294 എന്ന നിലയിലാണ്. ആകെ 89 റൺ ലീഡ്. പന്ത് 118 പന്തിൽ 101 റണ്ണടിച്ചു. വാഷിങ്‌ടൺ സുന്ദറിനൊപ്പം (60*) ഏഴാം വിക്കറ്റിൽ പന്ത് കുറിച്ച 113 റൺ കൂട്ടുകെട്ടാണ് ഇന്ത്യയെ കാത്തത്. ആറിന് 146 എന്ന ഘട്ടത്തിൽ പതറിനിൽക്കുമ്പോഴാണ് ഇരുവരും രക്ഷകരായത്.
സ്‌കോർ: ഇംഗ്ലണ്ട് 205; ഇന്ത്യ 7–-294.
രണ്ടാംദിനം ആദ്യ രണ്ട് സെഷനുകളിൽ ഇംഗ്ലണ്ട് കളി പിടിച്ചു. പിച്ചിൽ ബൗളർമാർക്കുള്ള മുൻതൂക്കം മുതലെടുത്ത് അവർ ഇന്ത്യൻ മുൻനിരയെ തകർത്തു. ഒന്നിന് 24 എന്ന നിലയിലായിരുന്നു ഇന്ത്യ തുടങ്ങിയത്. ആദ്യമേ പതറി. ചേതേശ്വർ പൂജാര (17) ജാക്ക് ലീച്ചിന് മുമ്പിൽ കുരുങ്ങി. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി (0) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ബെൻ സ്‌റ്റോക്‌സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സിന് പിടിനൽകി കോഹ്‌ലി മടങ്ങി. പരമ്പരയിൽ ഇത് രണ്ടാംതവണയാണ് കോഹ്‌ലി റണ്ണെടുക്കാതെ പുറത്താകുന്നത്. ക്യാപ്‌റ്റനായശേഷം എട്ടാംവട്ടവും.
പിടിച്ചുനിൽക്കാൻ ശ്രമിച്ച അജിൻക്യ രഹാനെ (27) ഉച്ചഭക്ഷണത്തിന് പിരിയുംമുമ്പ് പോയി. രോഹിത് ശർമയും (49) പതറി. ജയിംസ് ആൻഡേഴ്‌സണിന്റെയും സ്‌റ്റോക്‌സിന്റെയും പന്തുകൾക്കുമുന്നിലാണ് ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ അധികം വിരണ്ടത്. ആർ അശ്വിനും (13) പിന്നാലെയാണ് വാഷിങ്‌ടണും പന്തും ഒത്തുചേരുന്നത്. ഇംഗ്ലണ്ടാകട്ടെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാമെന്ന് കൊതിച്ചു. പക്ഷേ, ഇരുവർക്കും മുമ്പിൽ അവർ മുട്ടുകുത്തി. പതിയെയായിരുന്നു തുടക്കം. പിന്നീട് പടർന്നുകയറി. പന്ത് ഏകദിനശൈലിയിലായിരുന്നു ബാറ്റിങ്.
ആൻഡേഴ്‌സണെ റിവേഴ്‌സ് ലാപ്പിലൂടെ ബൗണ്ടറി പായിച്ചതുൾപ്പെടെ മനോഹരമായ ഷോട്ടുകളുമായി ഇടംകൈയൻ കളം വാണു. ജോ റൂട്ടിനെ സിക്‌സർ പറത്തിയാണ് മൂന്നാം സെഞ്ചുറി നേടിയത്. 13 ഫോറും രണ്ട് സിക്‌സും പറത്തി. ആൻഡേഴ്‌സണിന്റെ പന്തിൽ റൂട്ടിന് പിടികൊടുത്തായിരുന്നു മടക്കം. വാഷിങ്‌ടൺ എട്ട് ബൗണ്ടറികൾ നേടി. അക്‌സർ പട്ടേലാണ് (11) ഇപ്പോൾ വാഷിങ്‌ടണിന് കൂട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..