06 March Saturday

കർഷകസമരം : ഇന്ന്‌ രാജ്യവ്യാപക 
കരിദിനാചരണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021


ന്യൂഡൽഹി
കർഷകസമരം നൂറുദിനം പിന്നിടുന്നത്‌ മുൻനിർത്തി ശനിയാഴ്‌ച രാജ്യവ്യാപകമായി കരിദിനമാചരിക്കും. ഡൽഹിയിൽ നഗരത്തിന്‌ ചുറ്റുമുള്ള കുണ്ട്‌ലി–- മനേസർ–- പൽവൽ എക്‌സ്‌പ്രസ്‌ പാതയും കർഷകർ ഉപരോധിക്കും. പകൽ 11 മുതൽ നാലുവരെയാണ്‌ റോഡ്‌ ഉപരോധം. സിൻഘു, തിക്രി, ഗാസിപ്പുർ സമരകേന്ദ്രങ്ങളിലെ കർഷകർ ഉപരോധത്തിൽ പങ്കാളികളാകും. ഡൽഹിക്ക്‌ ചുറ്റുമായി 135 കി.മീ ആണ്‌ എക്‌സ്‌പ്രസ്‌ പാത.

രാജ്യവ്യാപകമായി വീടുകളിലും ഓഫീസുകൾക്ക് മുന്നിലും കർഷകർ കരിങ്കൊടി ഉയർത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച്‌ കർഷകർ കൈയിൽ കറുത്ത ബാൻഡ്‌ അണിയും.

സമരമാരംഭിച്ചപ്പോൾ ഡൽഹിക്കുള്ളിലേക്ക്‌ മാർച്ച്‌ ചെയ്‌ത്‌ നീങ്ങാനായിരുന്നു കർഷകസംഘടനകളുടെ തീരുമാനമെങ്കിലും ഡൽഹി പൊലീസ്‌ കൂറ്റൻ ബാരിക്കേഡുകൾ തീർത്ത്‌ അതിർത്തികളടച്ചു. പ്രക്ഷോഭത്തിന്‌ ജനപിന്തുണയേറിയതോടെ സർക്കാർ ചർച്ചയ്‌ക്ക്‌ സന്നദ്ധമായി.

11 വട്ടം ചർച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായില്ല. ഒന്നര വർഷത്തേക്ക്‌ നിയമങ്ങൾ മരവിപ്പിക്കാമെന്നതിനോട്‌ കർഷകസംഘടനകളും യോജിച്ചില്ല. അതിനിടെ സുപ്രീംകോടതി നിയമങ്ങൾ മരവിപ്പിച്ച്‌, ചർച്ച നടത്തി നിർദേശങ്ങൾ സമർപ്പിക്കാൻ‌ പ്രത്യേക സമിതിയെ നിയോഗിച്ചു. ഏകപക്ഷീയമായ സമിതിയോട്‌ കർഷകർ സഹകരിച്ചില്ല. സമിതി അംഗങ്ങളിൽ ഒരാൾ സ്വയം പിൻമാറി.

റിപ്പബ്ലിക് ദിനത്തിലെ കിസാൻപരേഡുൾപ്പെടെ  രാജ്യവ്യാപകമായി മറ്റ്‌ സമരപരിപാടികളും കർഷകസംഘടനകൾ സംഘടിപ്പിച്ചു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന്‌ കർഷകർ ജനുവരി 26ന്‌ ട്രാക്ടറുകളുമായി തെരുവിലിറങ്ങി. അതിന്റെ മറവിൽ ചെങ്കോട്ടയിൽ സിഖ്‌ സമുദായ പതാക ഉയർത്തി വിവാദമാക്കാൻ സർക്കാർ അനുകൂല മാധ്യമങ്ങളും സംഘപരിവാറും ശ്രമിച്ചു.

ചെങ്കോട്ടയിൽ കയറിയ ദീപ്‌ സിദ്ദു അടക്കമുള്ളവർ ബിജെപിക്കാരാണെന്ന്‌ തെളിഞ്ഞതോടെ ഈ നാടകം പൊളിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top