06 March Saturday

സ്വകാര്യമേഖലയിൽ നാട്ടുകാർക്ക് സംവരണം: 
ഹരിയാന നിയമത്തിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021


ന്യൂഡൽഹി
സ്വകാര്യസ്ഥാപനങ്ങളിൽ 50,000  രൂപയിൽ കുറവ്‌ വേതനമുള്ള തൊഴിലുകളിൽ 75 ശതമാനവും നാട്ടുകാർക്ക്‌ നൽകണമെന്ന ഹരിയാന സർക്കാർ നിയമത്തിനെതിരെ വ്യവസായികളും നിയമവിദഗ്‌ധരും. ഭരണഘടനയുടെ 14,19 വകുപ്പുകളുടെ  ലംഘനമാണിതെന്ന്‌ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കൊളിൻ ഗൊൺസാലസ്‌ പറഞ്ഞു. അവസരസമത്വം ഉറപ്പുനൽകുന്നതാണ്‌ 14–-ാം വകുപ്പ്‌. രാജ്യത്തെവിടെയും സഞ്ചരിക്കാനും താമസിക്കാനും അവകാശം നൽകുന്നതാണ്‌ 19–-ാം വകുപ്പ്‌. ജോലിക്കും വിദ്യാഭ്യാസത്തിനും അവസരം ലഭിക്കാത്തപക്ഷം സംസ്ഥാനത്തിനു പുറത്തെങ്ങനെ ജീവിക്കുമെന്ന്‌‌ അദ്ദേഹംചോദിച്ചു.  മുതിർന്ന അഭിഭാഷകൻ  അശോക്‌ അറോറയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.

സാമ്പത്തികവളർച്ച വീണ്ടെടുക്കാനുള്ള ശ്രമത്തെ ഇത്‌ പ്രതികൂലമായി ബാധിക്കുമെന്ന്‌ വ്യവസായി നേതാവ്‌ സഞ്ജയ്‌ കപൂർ പറഞ്ഞു. അരലക്ഷം രൂപയിൽ കുറവ്‌ ശമ്പളം വാങ്ങുന്ന 70ശതമാനത്തിൽ 30–-40 ശതമാനം മാത്രമാണ്‌ ഹരിയാനക്കാർ.  നിയമം കൊണ്ടുവരുംമുമ്പ്‌ സർക്കാർ കൂടിയാലോചിച്ചില്ല. നിയമവ്യവസ്ഥ ഭേദഗതി ചെയ്യാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും കപൂർ പറഞ്ഞു.

ബിജെപിയുടെ  പ്രഖ്യാപിത ആശയങ്ങൾക്ക്‌ വിരുദ്ധമായ നിയമനിർമാണം സഖ്യകക്ഷിയായ ജെജെപി(ജനനായക്‌ ജനതപാർടി)യെ പ്രീണിപ്പിക്കാനാണെന്ന്‌ ആക്ഷേപമുണ്ട്‌. കാർഷികനിയമങ്ങളെ തുടർന്ന്‌ ബിജെപിയുമായി അകൽച്ചയിലാണ്‌ ജെജെപി. മഹാരാഷ്ട്ര, മധ്യപ്രദേശ്‌, ആന്ധ്രപ്രദേശ്‌, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സമാനനിയമം കൊണ്ടുവന്നെങ്കിലും നടപ്പാക്കിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top