05 March Friday

‌സംയുക്ത മോര്‍ച്ച‌‌ ബംഗാളിനെ 
രക്ഷിക്കാൻ: സൂര്യകാന്ത മിശ്ര

ഗോപിUpdated: Friday Mar 5, 2021



കൊൽക്കത്ത
ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും തൂത്തെറിഞ്ഞ്‌ ബംഗാളിനെ രക്ഷിക്കാനുള്ള കടമയാണ് സംയുക്ത മോർച്ചയ്‌ക്കുള്ളതെന്ന്‌ സിപിഐ എം  സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ സൂര്യകാന്ത മിശ്ര. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനും  മതനിരപേക്ഷതയും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാനും നിരന്തരമായി നടത്തിയ പ്രക്ഷോഭങ്ങളിലൂടെ ഉടലെടുത്തതാണത്‌. ‌ ഇടതുപക്ഷവും മതേതര ജനാധിപത്യകക്ഷികളുംചേർന്ന സംയുക്തമോർച്ച തെരഞ്ഞെടുപ്പിനുശേഷവും നിലനിൽക്കും. ബിജെപിയുടെ ജനാധിപത്യവിരുദ്ധ വർഗീയവൽക്കരണത്തിനും  തൃണമൂലിന്റെ അക്രമത്തിനും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുമെതിരായ പോരാട്ടവേദിയാണ്  സംയുക്ത മോർച്ചയെന്നും അദ്ദേഹം പറഞ്ഞു. രണ്ടിനെയും മോർച്ച തുല്യമായി എതിർക്കും.  മോർച്ചയിൽ ഐഎസ്എഫിനെ ഉൾപ്പെടുത്തിയതിൽ ഉയരുന്ന വിമർശങ്ങളാട് പ്രതികരിക്കുകയായിരുന്നു മിശ്ര.

സംയുക്ത മോർച്ചയുടെ ആഭിമുഖ്യത്തിൽ  ബിഗ്രഡ് പരേഡ് മൈതാനിയിൽ ജനലക്ഷങ്ങൾ അണിനിരന്ന  മഹാറാലി ബിജെപിയും  തൃണമൂലുമുൾപ്പെടെ  എതിരാളികളെ അമ്പരപ്പിച്ചു. റാലിയിലെ ജനപങ്കാളിത്തം കണ്ട്‌ അമ്പരന്നവരാണ്‌ അപവാദ പ്രചാരണം അഴിച്ചുവിടുന്നത്‌.  സിപിഐ എമ്മും ഇടതുമുന്നണിയും യോജിക്കാവുന്ന മതേതര ജനാധിപത്യ കക്ഷികളുമാണ്‌ മോർച്ചയിലുള്ളത്‌.  തെരഞ്ഞെടുപ്പ്മാത്രം ലക്ഷ്യമിട്ടുള്ള  മുന്നണിയല്ല ഇത്‌. അതിന് ലഭിക്കുന്ന ജനപിന്തുണ എതിരാളികളെ വിറളിപിടിപ്പിക്കുന്നതായും സൂര്യകാന്ത മിശ്ര പറഞ്ഞു.

ഐഎസ്എഫ് പ്രത്യേക വിഭാഗത്തിന്റെമാത്രം സംഘടനയല്ല. മതന്യൂനപക്ഷങ്ങളും ആദിവാസികളുൾപ്പെടെ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുവേണ്ടി‌ ശബ്ദമുർത്തുന്ന മതേതരജനാധിപത്യ സംവിധാനമാണ്. ദേശസ്നേഹവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന ഐഎസ്എഫ്  സൂഫി സമ്പ്രദായത്തിലുള്ള മനുഷ്യസ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആശയമാണ് പ്രചരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനും കർഷക ബില്ലിനുമെതിരായ പ്രക്ഷോഭങ്ങളിലും ഇടതുപക്ഷത്തിനൊപ്പം അവർ മുൻനിരയിലുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top