06 March Saturday

മസാല ബോണ്ടിറക്കിയത് 6 സ്ഥാപനം; കിഫ്ബിക്കുമാത്രം ഇടങ്കോല്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 5, 2021

തിരുവനന്തപുരം > രാജ്യത്ത്‌ മസാല ബോണ്ടുവഴി ധനസമാഹരണം നടത്തിയത്‌ ആറു സ്ഥാപനം.  ഇതിൽ കിഫ്‌ബിയുടെ കടമെടുപ്പുമാത്രം അനുവദനീയമല്ലെന്നത്‌ വിചിത്രം. ആറു സ്ഥാപനവും ചേർന്ന്‌ 18,730 കോടി സമാഹരിച്ചു. കിഫ്​ബി എടുത്ത്  2150 കോടി മാത്രം. കിഫ്ബിക്ക് പണം കിട്ടിയതില്‍ മാത്രമാണ് ഇഡി കുറ്റംകാണുന്നത്.

കിഫ്‌ബിയെക്കുറിച്ച്‌ ആശങ്കപ്പെടുകയും മസാല ബോണ്ടിനെ വിമർശിക്കുകയും ചെയ്യുന്ന കേന്ദ്ര ധനമന്ത്രി, പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ (എസ് പി വി) വഴി കേന്ദ്ര സർക്കാർ മസാല ബോണ്ടിൽ പണം സമാഹരിക്കുന്നത്‌ മറച്ചുവയ്‌ക്കുന്നു. നാഷണൽ ഹൈവേ അതോറിട്ടി (3000 കോടി), എൻടിപിസി (4000 കോടി), എച്ച്‌ഡിഎഫ്‌സി (6300 കോടി), ഇന്ത്യൻ റിന്യുവബിൾ എനർജി ഡെവലപ്പ്‌മെന്റ്‌ ഏജൻസി ലിമിറ്റഡ്‌ (1950 കോടി), സ്വകാര്യ കമ്പനിയായ ഇന്ത്യാബുൾസ്‌ ഹൗസിങ്‌ ഫിനാൻസ്‌ ലിമിറ്റഡ്‌ (1330 കോടി) എന്നിവയാണ്‌ മസാല ബോണ്ട് വഴി പണം കണ്ടെത്തിയത്.

എൻടിപിസിയും എൻഎച്ച്എഐയും പാലിച്ച ചട്ടങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ട്. ഇവയെപ്പോലെ നിയമപരമായി രൂപീകരിച്ച ബോഡി കോർപറേറ്റാണ് കിഫ്ബിയും. ഈ സ്ഥാപനങ്ങള്‍ക്ക് വികസനത്തിനായി മസാലാ ബോണ്ട് ഉപയോ​ഗിക്കാമെങ്കില്‍ കിഫ്ബിക്കും പറ്റും എന്നാണ് കേരള സർക്കാരിന്റെ വാദം. വിദേശ നാണ്യ വിനിമയ നിയമം (ഫെമ) അനുസരിച്ച് റിസർവ് ബാങ്കുവഴിയാണ് കിഫ്ബി പണം വാങ്ങിയത്. ഒരു ബോഡി കോർപറേറ്റിന് മസാല ബോണ്ടുവഴി പണം സമാഹരിക്കാൻ റിസർവ്‌ ബാങ്കിന്റെ എൻഒസി മതി.

സംസ്ഥാന സർക്കാർ വായ്പയെടുക്കുമ്പോൾ ചെയ്യുന്നതുപോലെ കേന്ദ്രസർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം വേണ്ട. ഇത്‌ അന്വേഷണ ഏജൻസി പരിഗണിക്കുന്നില്ല. കിഫ്‌ബിക്കുമാത്രമായി പ്രത്യേക തടസ്സവാദം ഉന്നയിക്കാനുള്ള ശ്രമത്തിലാണ്‌ കേന്ദ്ര സർക്കാരും  അതിനുകീഴിലുള്ള അന്വേഷണ ഏജൻസികളും, സംസ്ഥാനത്തെ പ്രതിപക്ഷവും.

ഇഡി കേസ്‌ പിൻവലിക്കണം: പിബി
കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമാക്കി ഇഡിയെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണ്‌ കിഫ്‌ബിക്കെതിരെ കേസെടുത്ത നടപടിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. കേസ്‌ പിൻവലിക്കണം, മുതിർന്ന ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്നതിൽനിന്ന്‌ പിന്തിരിയണം, കേന്ദ്രധനമന്ത്രിയോടും ഇഡിയോടും പിബി ആവശ്യപ്പെട്ടു. ബിജെപിതെരഞ്ഞെടുപ്പ്‌ റാലിയിലാണ്‌ ധനമന്ത്രി നിർമല സീതാരാമൻ  കിഫ്‌ബിക്കും എൽഡിഎഫ്‌ സർക്കാരിനുംനേരെ ആരോപണം ഉന്നയിച്ചത്‌. പിന്നാലെയാണ്‌ ഇഡിയുടെ നീക്കം. ഫെമ ലംഘനം ആരോപിച്ച്‌ കേസെടുത്ത ഇഡി കിഫ്‌ബി സിഇഒയെയും ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടറെയും ചോദ്യംചെയ്യാൻ വിളിച്ചിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഏജൻസിക്കുനേരെയുള്ള ഗുരുതര കടന്നാക്രമണമാണിത്‌.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷമുള്ള ഇഡി നടപടി എൽഡിഎഫ്‌ സർക്കാരിനെയും കിഫ്‌ബിയുടെ നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങളെയും  അപകീർത്തിപ്പെടുത്താനുള്ള ഹീനനീക്കവും ഫെഡറൽ തത്വങ്ങളുടെ കടുത്ത ലംഘനമാണെന്നും പിബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top