ജിദ്ദ > മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ത്ഥം മലയാളം മിഷന്‍ പൂക്കാലം വെബ് മാഗസിന്‍ സംഘടിപ്പിക്കുന്ന 'സുഗതാഞ്ജലി' രാജ്യാന്തര കാവ്യാലാപന മത്സരത്തിന്റെ സൗദി ചാപ്റ്റര്‍ തല മത്സര വിജയികളെ പ്രഖ്യാപിച്ചു.
ജൂനിയര്‍ വിഭാഗത്തില്‍ റിയാദില്‍ നിന്നുള്ള അല്‍ന എലിസബത്ത് ജോഷിയും (ഡബ്‌ള്യു.എം.എഫ് അല്‍ഖര്‍ജ് പഠന കേന്ദ്രം) സീനിയര്‍ വിഭാഗത്തില്‍ അനാമിക അറയ്ക്കലും (കേളി മധുരം മലയാളം പഠനകേന്ദ്രം, റിയാദ്) ഒന്നാം സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ റിയാദ് നാട്ടുപച്ച പഠനകേന്ദ്രത്തിലെ ഹനാന്‍ ശിഹാബും ജിസാന്‍ 'ജല' മാതൃഭാഷാ പഠനകേന്ദ്രത്തിലെ ഖദീജ താഹയും രണ്ടാം സ്ഥാനം പങ്കിട്ടു. സീനിയര്‍ വിഭാഗത്തില്‍ നേഹാ പുഷ്പരാജാണ് (കേളി മധുരം മലയാളം പഠനകേന്ദ്രം, റിയാദ്) രണ്ടാം സ്ഥാനം നേടിയത്. മലയാളം മിഷന്‍ സൗദി ചാപ്റ്ററിനു കീഴിലുള്ള റിയാദ്, ദമ്മാം, ജിദ്ദ, അല്‍ഖസീം, തബൂക്ക്, നജ്റാന്‍, അബഹ, ജിസാന്‍ മേഖലകളിലെ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള വിവിധ മേഖലാ തല മത്സരങ്ങളില്‍ വിജയികളായ 26 വിദ്യാര്‍ത്ഥികളാണ് സൗദി ചാപ്റ്റര്‍ തല മത്സരത്തില്‍ പങ്കെടുത്തത്.
'സുഗതാഞ്ജലി' കാവ്യാലാപന മത്സരത്തിന്റെ സൗദി ചാപ്റ്റര്‍ തല ഓണ്‍ലൈന്‍ മത്സരം മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സൗദി ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത് മത്സര പരിപാടികള്‍ വിശദീകരിച്ചു. വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.മുബാറക്ക് സാനി അധ്യക്ഷനായിരുന്നു. എഴുത്തുകാരന്‍ പി.ജെ.ജെ.ആന്റണി, കവികളായ രാജന്‍ കൈലാസ്, ഡോ.രാജു വള്ളികുന്നം, അനില്‍ നീണ്ടകര, ചാപ്റ്റര്‍ കണ്‍വീനര്‍ ഷിബു തിരുവനന്തപുരം, മാത്യു തോമസ് നെല്ലുവേലില്‍, ഡോ.രമേശ് മൂച്ചിക്കല്‍,സീബ കൂവോട്, ജയകുമാര്‍ അന്തിപ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദഗ്ധ സമിതി വൈസ് ചെയര്‍മാന്‍ ഷാഹിദ ഷാനവാസ് മത്സര പരിപാടികള്‍ നിയന്ത്രിച്ചു. മലയാളം മിഷന്‍ മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരായ നൗഷാദ് കോര്‍മത്ത്, രശ്മി രാമചന്ദ്രന്‍, റഫീഖ് പത്തനാപുരം, ജിതേഷ് പട്ടുവം, ഉബൈസ് മുസ്തഫ, ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
സൗദി ചാപ്റ്റര്‍ തല മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മെഹ്റീന്‍ മുനീര്‍ (റിയാദ് മലര്‍വാടി പഠനകേന്ദ്രം), ജിയാ ബിജു (എന്റെ മലയാളം ദമ്മാം ദല്ല), സൗപര്‍ണിക അനില്‍ (എന്റെ മലയാളം ജുബൈല്‍) എന്നിവരും സീനിയര്‍ വിഭാഗത്തില്‍ നയന നാരായണന്‍ (എന്റെ മലയാളം അല്‍ഹുഫൂഫ്), ആര്യന്‍ അനില്‍ (തബൂക്ക് ഇന്ത്യന്‍ സ്‌കൂള്‍ പഠനകേന്ദ്രം) ആന്‍ മേരി ജോണ്‍സണ്‍ ( എന്റെ മലയാളം അല്‍ഖോബാര്‍) നൈറ ഷഹദാന്‍ (റിയാദ് മലര്‍വാടി പഠനകേന്ദ്രം) എന്നിവരാണ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയത്.
കാവ്യാലാപന മത്സരം മികച്ച നിലവാരം പുലര്‍ത്തിയതായും, അക്ഷര സ്ഫുടത, മിതമായ ഭാവ ശബ്ദ പ്രകടനം, അര്‍ത്ഥം, ആശയം ഇവയുടെ സ്പഷ്ടീകരണം എന്നീ മത്സര മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചതായും വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മാതൃഭാഷയുടെ ജീവിത പരിസരങ്ങളില്‍ നിന്നും അകന്ന് പ്രവാസ ലോകത്ത് വിദേശ ഭാഷകളിലൂടെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ മികച്ച പ്രകടനം കാവ്യാലാപന മത്സരത്തിന്റെ മൂല്യനിര്‍ണ്ണയത്തില്‍ വെല്ലുവിളി ഉയര്‍ത്തിയതായും വിധികര്‍ത്താവായ പി.ജെ.ജെ.ആന്റണി പറഞ്ഞു.
സൗദി ചാപ്റ്റര്‍ തലത്തില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവ വിജയികള്‍ക്ക് മലയാളം മിഷന്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുകയും രാജ്യാന്തര മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. മറ്റു മത്സര വിജയികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും സൗദി ചാപ്റ്റര്‍ കമ്മിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് എം.എം.നഈം അറിയിച്ചു. 'സുഗതാഞ്ജലി' കാവ്യാലാപന മത്സരത്തിന്റെ ആഗോളതല മത്സരം മലയാളം മിഷന്‍ കേന്ദ്ര ഓഫീസിന്റെ നേതൃത്വത്തില്‍ ഈ മാസം 6, 7 തീയതികളില്‍ ഓണ്‍ലനില്‍ നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..