06 March Saturday

വികസനം ചർച്ചയാകരുത്‌; പിന്നിൽ 
രാഷ്‌ട്രീയ അജൻഡ

കെ ശ്രീകണ്‌ഠൻUpdated: Friday Mar 5, 2021



തിരുവനന്തപുരം
വിശ്വാസ്യതയില്ലാത്ത രഹസ്യമൊഴി ആയുധമാക്കിയുള്ള കസ്‌റ്റംസ്‌ നീക്കത്തിന്‌ പിന്നിൽ  ‌ ബിജെപിയുടെയും യുഡിഎഫിന്റെയും ഉള്ളെരിച്ചിൽ‌. കേരളത്തിന്റെ വികസനം തടയുക, സർക്കാരിനെ ഏതു‌വിധേനയും പുകമറയിൽ നിർത്തുക. ഇതിനുള്ള അപഹാസ്യമായ രാഷ്‌ട്രീയ നീക്കമാണ്‌ കേന്ദ്ര ഏജൻസികളുടേത്‌. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കൊച്ചി സന്ദർശനത്തിന്‌ ശേഷമാണ്‌ ഇഡിയുടെയും കസ്‌റ്റംസിന്റെയും ഈ എടുത്തുചാട്ടം‌. സ്വർണക്കടത്ത്‌ കേസിൽ കേന്ദ്ര ധനമന്ത്രി നടത്തിയ ആരോപണവും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക്‌  തണുപ്പൻ മട്ടെന്ന രാഹുൽ ഗാന്ധിയുടെ വിമർശനവും ചേർത്തുവായിച്ചാൽ ഈ രാഷ്‌ട്രീയ നീക്കം വ്യക്തമാകും.

തെരഞ്ഞെടുപ്പിൽ വികസനം ചർച്ചയാകരുതെന്നത്‌ യുഡിഎഫിന്റെയും ബിജെപിയും രാഷ്‌ട്രീയ ലക്ഷ്യമാണ്‌.  എന്നാൽ കിഫ്‌ബി‌ക്കെതിരെ കേസ്‌ എടുത്തത്‌ ആ നീക്കത്തിന്‌ തിരിച്ചടിയായി മാറി. കിഫ്‌ബിക്കെതിരായ കേസ്‌ വിവാദമായതോടെ ആ ഏജൻസിവഴി കൈവരിച്ച വികസന നേട്ടങ്ങളും വലിയ ചർച്ചയായി. ഇതിലെ അപകടം തിരിച്ചറിഞ്ഞതോടെയാണ്‌ അടുത്ത ഊഴവുമായി കസ്‌റ്റംസ്‌ ഇറങ്ങിയത്‌. അതാകട്ടെ മൂന്ന്‌ മാസം മുമ്പ്‌ നൽകിയ കുറ്റസമ്മതമൊഴിക്ക്‌ വിശുദ്ധ പരിവേഷം ചാർത്തിയും. സ്വർണക്കടത്ത്‌ കേസ്‌ വിട്ടെങ്കിലും അതിലെ ചേരുവകളുടെ തനിയാവർത്തനമാണ്‌ അണിയറയിൽ ഒരുങ്ങുന്നത്‌. കസ്‌റ്റംസ്‌ കോടതിയിൽ സത്യവാങ്‌മൂലം നൽകിയ വാർത്ത പുറത്തുവന്നയുടനെ മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹകുറ്റാരോപണവുമായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല രംഗത്ത്‌ വന്നത്‌ ഇതിന്‌ തെളിവാണ്‌. ചെന്നിത്തലയ്‌ക്ക്‌ പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഉയർത്തിയത്‌ പതിവ്‌ പോലെ അതേ ആരോപണം തന്നെ.

സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണം എട്ടുമാസം പിന്നിടുമ്പോഴും പ്രതികളുടെ മൊഴികളല്ലാതെ മറ്റൊന്നും ഏജൻസികളുടെ പക്കലില്ല. വിവിധ ഏജൻസികൾ പലവട്ടം നേരിട്ട്‌ ചോദ്യം ചെയ്‌തപ്പോഴൊന്നും പുറത്തുപറയാത്ത കാര്യങ്ങളാണ്‌ സ്വപ്‌നയുടെ രഹസ്യമൊഴിയിലുള്ളത്‌.  പിടിയിലായി അഞ്ചുമാസം കഴിഞ്ഞതിന്‌ ശേഷം രഹസ്യമൊഴി രേഖപ്പെടുത്താൻ സാഹചര്യമൊരുക്കിയതും ദുരൂഹമാണ്‌. 

മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്ഷ്യമിട്ട്‌ നീങ്ങുമ്പോഴും സ്വർണക്കടത്ത്‌ കേസിൽ മുഖ്യപ്രതികളെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ്‌ ഇഡിയും കസ്‌റ്റംസും നടത്തുന്നത്‌. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കുറ്റവിമുക്തരാക്കാമെന്ന്‌ സ്വപ്‌ന സുരേഷ്‌ അടക്കം പല പ്രതികൾക്കും  ഇഡിയും കസ്‌റ്റംസും വാഗ്‌ദാനം നൽകിയിട്ടുണ്ട്‌. എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇഡി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സ്വപ്‌നയെ ‘പാവം പെൺകുട്ടി’ എന്നാണ്‌‌ വിശേഷിപ്പിച്ചത്.   കള്ളമൊഴികളുടെ പേരിൽ സർക്കാരിനെ കരിവാരി തേയ്‌ക്കുന്നതോടൊപ്പം യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള ദൗത്യമാണ്‌ അന്വേഷണ ഏജൻസികളുടേത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top