കൊച്ചി
നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ കസ്‌റ്റംസും കളത്തിലിറങ്ങി. പണമിടപാട് കേസിലെ പ്രതിയുടെ മൊഴി സത്യവാങ്‌മൂലമെന്നപേരിൽ ഹൈക്കോടതിയിൽ നൽകി, സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കസ്‌റ്റംസ്. യുഎഇ കോൺസുലേറ്റുവഴി നടന്ന നിയമവിരുദ്ധ പണമിടപാടുകളിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴിയിൽ പറയുന്നതായാണ് കസ്റ്റംസിന്റെ സത്യവാങ്‌മൂലം.
കസ്‌റ്റംസ് കക്ഷിയല്ലാത്ത കേസിൽ കോടതി ആവശ്യപ്പെടാതെ ഇത്തരമൊരു സത്യവാങ്‌മൂലം നൽകിയതിൽ ദുരൂഹതയുണ്ട്. ഇത് കോടതിയിൽ എത്തുംമുമ്പ് മാധ്യമപ്രവർത്തകർക്കും പ്രതിപക്ഷ നേതാവിനും കിട്ടി. രഹസ്യമൊഴിയിലുള്ളത് സ്വപ്‌നയ്‌ക്കുമാത്രം അറിവുള്ളതാണെന്നും അവർക്കുമാത്രമേ അതിന് തെളിവുനൽകാൻ കഴിയൂവെന്നും സത്യവാങ്‌മൂലത്തിൽ പറഞ്ഞു.
സ്വപ്ന സുരേഷ് എറണാകുളം മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളെന്ന പേരിലാണ് കസ്റ്റംസ് കമീഷണർ സുമിത്കുമാർ വെള്ളിയാഴ്‌ച സത്യവാങ്‌മൂലം സമർപ്പിച്ചത്. ജയിലിൽ സ്വപ്നയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക സാമ്പത്തിക കോടതിയുടെ ഉത്തരവിലെ പരാമർശം നീക്കണമെന്നും മതിയായ സുരക്ഷ ജയിലിൽ ഉണ്ടെന്നും കാണിച്ച് ജയിൽ ഡിജിപി സമർപ്പിച്ച ഹർജിയിലാണ് കസ്റ്റംസ് സത്യവാങ്മൂലം. കസ്‌റ്റംസിനോട് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഈ കേസുമായി ബന്ധമില്ലാത്ത വിവരങ്ങളാണ് സത്യവാങ്‌മൂലത്തിലുള്ളതും.
രഹസ്യമൊഴിയിൽ സ്വപ്ന വെളിപ്പെടുത്തിയതായി സത്യവാങ്മൂലത്തിൽ പറയുന്നതിങ്ങനെ: ‘യുഎഇ മുൻകോൺസൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇടപാടുകളെക്കുറിച്ച് തനിക്കറിയാം. മുഖ്യമന്ത്രിയുമായും സ്പീക്കറുമായും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായും മറ്റൊരു പേഴ്സണൽ സ്റ്റാഫ് അംഗവുമായും തനിക്ക് അടുത്ത ബന്ധമുണ്ട്. കറൻസി കടത്ത് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ആവശ്യപ്രകാരം കോൺസുലേറ്റിന്റെ സഹായത്തോടെയാണ് നടന്നത്. എല്ലാ ഇടപാടുകൾക്കും താൻ സാക്ഷിയായിരുന്നു. അറബിഭാഷ കൈകാര്യം ചെയ്യുമെന്നതിനാൽ ഉന്നതർക്കും കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും ഇടയിൽ ദ്വിഭാഷിയാകാൻ നിർബന്ധിക്കപ്പെട്ടു. സർക്കാരിലെയും കോൺസുലേറ്റിലെയും ഉന്നതർക്കിടയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കണ്ണിയായി പ്രവർത്തിച്ചു’.
സർക്കാരിനും കോൺസുലേറ്റിനും പുറത്തുള്ള ചിലരുമായി സർക്കാർ പദ്ധതികളുടെ മറവിൽ സാമ്പത്തിക ഇടപാടുകൾ ഏകോപിപ്പിച്ചത് ശിവശങ്കറാണെന്ന് സ്വപ്ന മൊഴി നൽകിയതായും കസ്‌റ്റംസ് പറയുന്നു. ഇക്കാര്യം ആവശ്യപ്പെടുമ്പോൾ മുദ്രവച്ച കവറിൽ ഹാജരാക്കുമെന്നും സുമിത്‌കുമാർ കോടതിയോട് പറഞ്ഞു. കഴിഞ്ഞ നവംബർ 30 നാണ് രഹസ്യമൊഴി നൽകാൻ ആഗ്രഹിക്കുന്നതായി സാമ്പത്തിക കോടതിയിൽ സ്വപ്ന അറിയിച്ചത്. ഇതിനായി അഭിഭാഷകൻ തയ്യാറാകാത്തതിനാലാണ് കസ്റ്റംസ്‌തന്നെ രഹസ്യമൊഴി എടുക്കാൻ അപേക്ഷ നൽകിയതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
രഹസ്യമൊഴിയും
തിരക്കഥ ; നാടകം പൊളിയുന്നു
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കുറ്റസമ്മതമൊഴിയും അട്ടക്കുളങ്ങര ജയിലിലുണ്ടായ സംഭവങ്ങളും കസ്‌റ്റംസിന്റെ ആസൂത്രണത്തിന്റെ ഫലമാണെന്ന് സത്യവാങ്‌മൂല വിവാദം തെളിയിക്കുന്നു. കഴിഞ്ഞ നവംബറിലാണ് സ്വപ്‌ന എറണാകുളം ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നിൽ കുറ്റസമ്മതമൊഴി നൽകിയത്. അതിനുള്ള അപേക്ഷ മജിസ്‌ട്രേട്ടിന് നൽകിയതാകട്ടെ കസ്‌റ്റംസും. അന്വേഷണ ഏജൻസിതന്നെ അപേക്ഷ നൽകുന്നത് അസാധാരണ നടപടിയാണെന്ന് നിയമവിദഗ്‌ധർ പറയുന്നു. കുറ്റസമ്മതമൊഴി നൽകാൻ കസ്‌റ്റംസ് പ്രേരിപ്പിച്ചു എന്നതിന് തെളിവാണത്. ഇക്കാര്യം സ്വപ്‌നയുടെ ആദ്യ അഭിഭാഷകനും വെളിപ്പെടുത്തിയിരുന്നു. കുറ്റപത്രം തയ്യാറാക്കുംമുമ്പ് മൊഴി നൽകുന്നത് കേസിന് ഗുണമാകില്ലെന്നാണ് അദ്ദേഹം ഉപദേശിച്ചത്. എന്നാൽ, മാപ്പുസാക്ഷിയാക്കാമെന്ന കസ്‌റ്റംസ് വാഗ്‌ദാനത്തിൽ സ്വപ്‌ന വീണു.
മകളെ കൊഫേപോസ കേസിൽ പ്രതിചേർക്കുമെന്ന ഭീഷണിയും കസ്‌റ്റംസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. സ്വപ്‌നയുടെ മൊഴിക്ക് വിശ്വാസ്യത നൽകാനാണ് ജയിലിൽ ജീവന് ഭീഷണി എന്ന് പരാതി കൊടുപ്പിച്ചത്. കസ്‌റ്റംസിന്റെ അഭിഭാഷകൻ സ്വപ്‌നയുടെ വക്കാലത്തെടുത്തശേഷമാണ് പരാതി ഹൈക്കോടതിയിൽ എത്തിയത്. പരാതി വായിച്ചുനോക്കിയില്ലെന്നും ഒപ്പിട്ടുകൊടുക്കുക മാത്രമാണ് ചെയ്‌തതെന്നും പിന്നീട് സ്വപ്‌ന പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുസമയത്ത് അതിന് വാർത്താപ്രാധാന്യം കിട്ടുകയും ചെയ്‌തു.
മജിസ്‌ട്രേട്ട് കോടതിയിൽ സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
അതിന്റെ പകർപ്പ് കസ്‌റ്റംസിന്റെ പക്കൽമാത്രമാണുള്ളത്. എന്നിട്ടും മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്‌പീക്കർക്കുമെതിരെ സ്വപ്‌ന മൊഴി നൽകിയത് ജയിലിൽ സ്വപ്‌നയുടെ ജീവന് ഭീഷണിയായെന്നാണ് കസ്‌റ്റംസ് സത്യവാങ്മൂലത്തിൽ പറയുന്നത്.
അതെങ്ങനെ മറ്റുള്ളവർ അറിഞ്ഞുവെന്ന് വിശദീകരിക്കുന്നില്ല. രഹസ്യമൊഴിയിലെ ദുരാരോപണങ്ങൾ പരസ്യപ്പെടുത്തലായിരുന്നു കസ്‌റ്റംസിന്റെ ലക്ഷ്യം. അതിനാണ് കക്ഷിയാകാത്ത കേസിൽ ഹൈക്കോടതി ആവശ്യപ്പെടാതെ സത്യവാങ്മൂലം നൽകിയത്. കോടതിയിൽ സമർപ്പിക്കുംമുമ്പേ കസ്‌റ്റംസ് കമീഷണറുടെ റിപ്പോർട്ട് മാധ്യമങ്ങളിൽ വാർത്തയായി എന്നതും ശ്രദ്ധേയം.
സ്വപ്‌നയുടെ മൊഴി കസ്‌റ്റംസിന്റെ
പ്രേരണയിലെന്ന് മുൻ അഭിഭാഷകൻ
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കുറ്റസമ്മതമൊഴി കസ്‌റ്റംസിന്റെ സമ്മർദംമൂലമെന്ന് സ്വപ്നയുടെ മുൻ അഭിഭാഷകൻ. കേസിൽ കുറ്റപത്രം സമർപ്പിക്കുംമുമ്പ് ക്രിമിനൽ നടപടിക്രമം 164 പ്രകാരം കുറ്റസമ്മതമൊഴി നൽകാനുള്ള സ്വപ്‌നയുടെ തീരുമാനത്തെ താൻ അനുകൂലിച്ചില്ലെന്നും തുടർന്നാണ് തന്നെ നീക്കിയതെന്നും സ്വപ്നയുടെ മുൻ അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു.
സ്വപ്‌ന പ്രതിയായ കേസുകളെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് കുറ്റസമ്മതമൊഴി നൽകരുതെന്ന് അവരെ വിലക്കിയതെന്ന് ജിയോ പോൾ പറഞ്ഞു. അഭിഭാഷകന് കക്ഷിയുടെ ആഗ്രഹപ്രകാരം കാര്യങ്ങൾ ചെയ്യാനാകില്ല. കക്ഷിക്ക് നിയമം അറിയണമെന്നില്ല. അത് ഉപദേശിക്കലാണ് അഭിഭാഷകന്റെ ജോലി.
അതാണ് താൻ ചെയ്‌തത്. കുറ്റപത്രം സമർപ്പിക്കുംമുമ്പ് കുറ്റസമ്മതമൊഴി നൽകിയാൽ അന്വേഷണ ഏജൻസിക്ക് അതനുസരിച്ച് കുറ്റപത്രത്തിൽ പലതും കൂട്ടിച്ചേർക്കാനാകും. അത് കക്ഷിക്ക് ഗുണമാകില്ല. 164 പ്രകാരം നൽകുന്നത് കുറ്റസമ്മതമൊഴിയാണ്.
അത് സാക്ഷികൾ നൽകുന്ന പ്രസ്‌താവനയല്ല. ഇക്കാര്യമാണ് സ്വപ്‌നയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ മാപ്പുസാക്ഷിയാക്കാം എന്നതുൾപ്പെടെ വാഗ്‌ദാനങ്ങൾ കസ്‌റ്റംസ് അവർക്ക് നൽകിയിരുന്നു.
ആവശ്യപ്പെട്ടതുപോലെ കുറ്റസമ്മതമൊഴി നൽകിയാൽ കസ്‌റ്റംസിന് മാത്രമായി സ്വപ്‌നയെ സഹായിക്കാനാകില്ല. എൻഐഎയുടെയും കള്ളപ്പണം വെളുപ്പിച്ചതിന് ഇഡിയുടെയും കേസുകളിൽ അവർ പ്രതിയാണ്. കസ്‌റ്റംസ് പറഞ്ഞതുപോലെ ചെയ്‌തിട്ടും ഇപ്പോഴും അവർക്ക് ജാമ്യം കിട്ടിയിട്ടില്ലെന്നും ജിയോപോൾ പറഞ്ഞു. ജിയോപോളിനെ നീക്കിയശേഷം കസ്‌റ്റംസ് തന്നെയാണ് കുറ്റസമ്മതമൊഴി നൽകാനുള്ള സ്വപ്‌നയുടെ അപേക്ഷ കോടതിയിൽ സമർപ്പിച്ചതെന്നതും ശ്രദ്ധേയം.
സ്വപ്‌നയ്‌ക്ക് സ്വമേധയാ അക്കാര്യം ആവശ്യപ്പെടാം എന്നിരിക്കെയാണ് കസ്‌റ്റംസ് സഹായിച്ചത്. കസ്‌റ്റംസിന്റെ അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കലാണ് ഇപ്പോൾ സ്വപ്‌നയുടെ അഭിഭാഷകൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..