-ലണ്ടൻ
മാഞ്ചസ്റ്റർ സിറ്റിക്കുമുമ്പിൽ വിയർത്ത് എതിരാളികൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ തകർത്ത് സിറ്റി തുടർച്ചയായ 21–-ാംജയം കുറിച്ചു (4–-1). മത്സരത്തിന്റെ അവസാന 10 മിനിറ്റിലാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി മൂന്ന് ഗോൾ നേടിയത്. ഗബ്രിയേൽ ജെസ്യൂസ് രണ്ടടിച്ചു. റിയാദ് മഹ്‌റെസ് വകയായിരുന്നു ഒന്ന്. മറ്റൊന്ന് വൂൾവ്‌സിന്റെ ലിയാൻഡർ ഡെൻഡോൻകെറുടെ സംഭാവനയും. ജയത്തോടെ ലീഗിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള അന്തരം 15 പോയിന്റാക്കി നീട്ടി സിറ്റി. 27 കളിയിൽ 65 പോയിന്റാണ് സിറ്റിക്ക്. യുണൈറ്റഡിന് 26ൽ അമ്പതും. ലെസ്റ്റർ സിറ്റിയാണ് (49) മൂന്നാമത്.
അവസാന 21 കളിയിൽ 55 ഗോളാണ് സിറ്റി അടിച്ചുകയറ്റിയത്. വഴങ്ങിയതാകട്ടെ വെറും എട്ടെണ്ണം. ബയേൺ മ്യൂണിക്കിനും റയൽ മാഡ്രിഡിനും ശേഷം യൂറോപ്പിൽ തുടർച്ചയായി ഇരുപതിലധികം കളി ജയിക്കുന്ന മൂന്നാമത്തെ ടീമുമായി. പ്രീമിയർ ലീഗിൽ തുടർച്ചയായ 19–-ാംജയമാണ്. അഴ്‌സണലിന്റെ റെക്കോഡിന് ഒപ്പമെത്തുകയും ചെയ്‌തു. കഴിഞ്ഞ 28 കളിയിലും സിറ്റി തോറ്റിട്ടുമില്ല.
വൂൾവ്‌സിനെതിരെ തുടക്കം മോശമായിരുന്നു സിറ്റിക്ക്. എന്നാലും ഡെൻഡോൻകെറുടെ പിഴവിൽ അവർ ലീഡ് നേടി. ഇടവേള കഴിഞ്ഞ് കൊണോർ കോഡി വൂൾവ്‌സിന് സമനില നൽകി. സിറ്റി പതറിയില്ല. അവസാന 10 മിനിറ്റിനുള്ളിൽ ഇരട്ടഗോൾ നേടി ജെസ്യൂസും ഒന്നടിച്ച് മഹ്‌റെസും അവർക്ക് വൻ ജയമൊരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..