05 March Friday
തെരഞ്ഞെടുപ്പ്‌ സമിതി നോക്കുകുത്തിയെന്ന്‌ മുരളീധരൻ ,വാഴക്കനെതിരെ പോസ്റ്റർ

ജോസഫിനെ ഒതുക്കും 
ഒറ്റ അക്കത്തിൽ ; യുഡിഎഫ്‌ സീറ്റ്‌ വിഭജനം വഴിമുട്ടി

പ്രത്യേക ലേഖകൻUpdated: Thursday Mar 4, 2021


തിരുവനന്തപുരം
കോൺഗ്രസ്‌–- കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം സീറ്റ്‌ ചർച്ച പുതിയ തർക്കത്തിന്‌ വഴിതുറന്നതോടെ യുഡിഎഫ്‌ സീറ്റ്‌ വിഭജനം വഴിമുട്ടി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള പത്തംഗ തെരഞ്ഞെടുപ്പ്‌ സമിതി നോക്കുകുത്തിയാണെന്ന്‌ തുറന്നടിച്ച്‌ കെ മുരളീധരനും വിമർശിച്ച്‌ കൊടിക്കുന്നിൽ സുരേഷും. പോസ്‌റ്റർ പതിച്ചും കൂട്ടപരാതി അയച്ചും പലരും  രംഗത്തിറങ്ങിയതോടെ കോൺഗ്രസിൽ‌ കൂട്ടപ്പൊരിച്ചിലാണ്.

മൂവാറ്റുപുഴയിൽ ജോസഫ്‌ വാഴക്കനെതിരെ‌ ഒരു വിഭാഗം കോൺഗ്രസുകാർ പോസ്‌റ്റർ ഒട്ടിച്ചു. വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന്‌ മുൻ അംബാസഡർ വേണുരാജാമണി നേതൃത്വത്തെ അറിയിച്ചു. നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ ബാലുശ്ശേരി യുഡിഎഫ്‌ മണ്ഡലം കമ്മിറ്റി കെപിസിസിക്ക്‌ പരാതി നൽകി. കൊഴിഞ്ഞുപോക്ക്‌ തടയാൻ കെ സുധാകരനും കെ മുരളീധരനും വയനാട്ടിലെത്തിയെങ്കിലും ശ്രമം വിലപ്പോയില്ല.

പാലക്കാട് അനുനയനീക്കത്തിന്‌ വഴങ്ങാതെ എ വി ഗോപിനാഥ്‌ രാജിഭീഷണിയുമായി നിലയുറപ്പിച്ചിരിക്കുകയാണ്‌. അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതോടെ കോൺഗ്രസിൽ വൻ കലാപത്തിന്‌ തിരികൊളുത്തും. കേരള കോൺഗ്രസ്‌ ജോസഫ്‌ പക്ഷവുമായി വ്യാഴാഴ്‌ച സീറ്റ്‌ ധാരണയിലെത്തുമെന്ന്‌ കരുതിയെങ്കിലും ചർച്ചപോലും നടന്നില്ല. വെള്ളിയാഴ്‌ച ചർച്ച നടക്കുമെന്ന പ്രതീക്ഷയിലാണ്‌ ജോസഫ്‌ പക്ഷം.  

‘സിംഗിൾ ഡിജിറ്റിൽ’ തളയ്‌ക്കാനാണ് കോൺഗ്രസ് നീക്കമെന്ന്‌‌ പി ജെ ജോസഫ്‌ പക്ഷം കരുതുന്നു‌. കോട്ടയം ജില്ലയിൽ ആറ്‌ സീറ്റ്‌ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ അത്‌ മൂന്നായി. കടുത്തുരുത്തി, പൂഞ്ഞാർ എന്നീ രണ്ട്‌ സീറ്റിലൊതുക്കാനാണ്‌ കോൺഗ്രസിലെ ധാരണ.

മൂവാറ്റുപുഴ നൽകാമെന്ന്‌ കോൺഗ്രസ്‌ നേതൃത്വം അങ്ങോട്ടുപറഞ്ഞെങ്കിലും അവസാനം അതുമില്ലാതായി. മുവാറ്റുപുഴ കിട്ടിയാൽ മൊത്തം പത്ത്‌ സീറ്റ്‌ എന്ന ഫോർമുലയാണ്‌ ജോസഫ്‌ പക്ഷം മുന്നോട്ടുവച്ചത്‌. 12 സീറ്റ്‌ വേണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. എന്നാൽ ഒമ്പതിൽ ഒതുങ്ങണമെന്നാണ്‌ കോൺഗ്രസ്‌ നിലപാട്‌. 

മുസ്ലിംലീഗിന്‌ മൂന്ന്‌ സീറ്റ്‌ അധികം നൽകാൻ തീരുമാനിച്ചെങ്കിലും അവ ഏതൊക്കെ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ലീഗിൽ സ്ഥാനാർഥികളെ ചൊല്ലി തർക്കവും രൂക്ഷമാണ്‌. തോൽവി ഉറപ്പിച്ച കയ്‌പ്പമംഗലം വേണ്ടെന്ന്‌ ആർഎസ്‌പി പറഞ്ഞെങ്കിലും പകരം സീറ്റ്‌ ഇല്ലെന്ന്‌ കോൺഗ്രസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top