അഹമ്മദാബാദ്
ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയുടെ മുഖത്ത് ആശങ്കകളില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാനമത്സരത്തിന് ഇറങ്ങുമ്പോൾ കോഹ്‌ലിയ്‌ക്ക് തികഞ്ഞ ആത്മവിശ്വാസം. തോൽക്കാതിരുന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിക്കാം. ഒപ്പം പരമ്പരയും. നാലു മത്സരപരമ്പരയിൽ ഇന്ത്യ 2–-1നുമുന്നിലാണ്. മൊട്ടേരയിൽ രാവിലെ 9.30ന് കളി തുടങ്ങും.
‘ന്യൂസിലൻഡിൽ ഞങ്ങൾ മൂന്നാംദിനം 36 റണ്ണിന് പുറത്തായി തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട്. പിച്ചിന്റെ കുഴപ്പമായിരുന്നില്ല അത്. ടീം വളരെ മോശമായി കളിച്ചതിനാലാണ് തോറ്റത്. ഇന്ത്യയിൽ എത്തുമ്പോൾമാത്രം പിച്ചിന് കുഴപ്പം എന്നുപറയുന്നത് വിചിത്രമായ കാര്യമാണ്’–- മത്സരത്തലേന്നുള്ള വാർത്താസമ്മേളനത്തിൽ കോഹ്‌ലി വിശദീകരിച്ചു. മൊട്ടേരയിലെ മൂന്നാംടെസ്റ്റിൽ ഇന്ത്യയുടെ ആധികാരിക ജയത്തിനുപിന്നാലെയുള്ള ചർച്ചകളോടുള്ള കോഹ്‌ലിയുടെ പ്രതികരണമാണിത്.
സ്‌പിന്നർമാർ വാണ കളിയിൽ രണ്ടുദിനംകൊണ്ട് ഇന്ത്യ 10 വിക്കറ്റിന് ജയംപിടിച്ചു. പിന്നാലെയാണ് മൊട്ടേരയിലെ പിച്ചിനെതിരെ വിവാദമുയർന്നത്. പല പ്രമുഖരും പിച്ചിനെതിരെ രംഗത്തെത്തി. ‘സ്‌പിന്നർമാർക്ക് അനുകൂലമായി പിച്ച് മാറുമ്പോൾമാത്രമാണ് ഏവർക്കും പരാതി. എന്തുകൊണ്ട് പേസുള്ള മൈതാനങ്ങളെക്കുറിച്ച് ആരും പറയാത്തതെന്നും ’ കോഹ്‌ലി ചോദിച്ചു.
അക്‌സർ പട്ടേലിന്റെയും ആർ അശ്വിന്റെയും മികവിലാണ് അവസാന രണ്ടു കളിയും ഇന്ത്യ പിടിച്ചത്. ഇരുവരുടെയും പന്തുകൾക്കുമുമ്പിൽ ഇംഗ്ലീഷുകാർ പതറി. ബാറ്റിങ്ങിൽ രോഹിത് ശർമയും രക്ഷകനായി. മറ്റാർക്കും തിളങ്ങാനായില്ല. അവധി നൽകിയ ജസ്‌പ്രീത് ബുമ്രയ്‌ക്കുപകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ഇന്ത്യൻ സംഘത്തിൽ ഇടംനേടും. മറ്റു മാറ്റങ്ങളുണ്ടാകില്ല. കഴിഞ്ഞമത്സരത്തിൽ ഒറ്റ സ്‌പിന്നറെ ഇറക്കിയ ഇംഗ്ലണ്ട് ജാക്ക് ലീച്ചിന് കൂട്ടായി ഡോം ബെസ്സിനെ ഉൾപ്പെടുത്തും. ഇതോടെ പേസർ സ്‌റ്റുവർട്ട് ബ്രോഡ് പുറത്തിരിക്കും. കഴിഞ്ഞ കളിക്കുസമാനമായി ഇത്തവണയും പിച്ച് സ്‌പിന്നർമാർക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കളി ഇംഗ്ലണ്ട് പിടിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്ക് ഓസ്‌ട്രേലിയ യോഗ്യത നേടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..