തിരുവനന്തപുരം
സംസ്ഥാനത്തെ 13 സ്പിന്നിങ് മിൽ പ്രവർത്തനലാഭത്തിൽ. കേരള സംസ്ഥാന ടെക്സ്‌റ്റൈൽ കോർപറേഷന്റെ കീഴിലുള്ള നാല് സ്പിന്നിങ്മില്ലും ഏഴ് സഹകരണ സ്പിന്നിങ് മില്ലും സീതാറാം സ്പിന്നിങ് മില്ലുമാണ് ജനുവരിയിൽ പ്രവർത്തനലാഭം കൈവരിച്ചത്.
കെഎസ്ടിസിക്ക് കീഴിലുള്ള കോമളപുരം സ്പിന്നിങ് മില്ലും ലാഭത്തിലാണ്. ഡിസംബറിൽ എട്ട് സ്പിന്നിങ് മിൽ പ്രവർത്തനലാഭം നേടിയതിനു പിന്നാലെയാണ് ജനുവരിയിൽ നേട്ടം വർധിപ്പിച്ചത്. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ 96.61 ലക്ഷം രൂപയുടെയും പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ 52.74 ലക്ഷം രൂപയുടെയും കെ കരുണാകരൻ സ്മാരക സഹകരണ സ്പിന്നിങ് മിൽ 18.43 ലക്ഷം രൂപയുടെയും പ്രവർത്തനലാഭമാണ് കൈവരിച്ചത്. മാൽക്കോടെക്സിൽ 16.47 ലക്ഷം രൂപയുടെയും കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിൽ 7.1 ലക്ഷം രൂപയുടെയും തൃശൂർ സഹകരണ സ്പിന്നിങ് മില്ലിൽ 9.78 ലക്ഷം രൂപയുടെയും പ്രവർത്തനലാഭം സ്വന്തമാക്കി.
ചെങ്ങന്നൂർ പ്രഭുറാം മിൽ ജനുവരിയിൽ 5.7ലക്ഷം രൂപയുടെ ലാഭം നേടി. മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ 54.65 ലക്ഷം രൂപയും എടരിക്കോട് മിൽ 17.81 ലക്ഷം രൂപയും ഉദുമ സ്പിന്നിങ് മിൽ 17.75 ലക്ഷം രൂപയും പ്രവർത്തനലാഭം ഉണ്ടായി. ജനുവരിയിൽ കെഎസ്ടിസിയുടെ ആകെ പ്രവർത്തനലാഭം 91.38 ലക്ഷം രൂപയാണ്. സീതാറാം സ്പിന്നിങ് 10.55 ലക്ഷം രൂപയുടെ പ്രവർത്തനലാഭം നേടി. കെഎസ്ടിസിക്ക് കീഴിലുള്ള ആലപ്പുഴ കോമളപുരം സ്പിന്നിങ് മിൽ 24 ലക്ഷം രൂപയുടെ പ്രവർത്തനലാഭം ഡിസംബറിൽ നേടിയിരുന്നു.
നവീകരണ പ്രവർത്തനങ്ങളും ആധുനികവൽക്കരണവും നടപ്പാക്കുന്നതിനൊപ്പം വൈവിധ്യവൽക്കരണത്തിനും പ്രാധാന്യം നൽകിയതാണ് സ്പിന്നിങ് മില്ലുകൾക്ക് മുതൽക്കൂട്ടായത്. ലോക്‌ഡൗൺ പിൻവലിച്ച ഉടൻ പ്രവർത്തനം തുടങ്ങാനായതും. വിപണിയിലെ ആവശ്യത്തിനനുസരിച്ച് നൂൽ ലഭ്യമാക്കാനായതും നേട്ടമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..