04 March Thursday

എന്‍ഐടിയിൽ മാംസാഹാരത്തിന്‌ വിലക്ക്‌

പ്രത്യേക ലേഖകൻUpdated: Thursday Mar 4, 2021


കോഴിക്കോട്‌
ആഗോള കാലാവസ്ഥാ വെല്ലുവിളികൾ നേരിടാനെന്ന പേരിൽ കോഴിക്കോട് ‌നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എൻഐടിയിൽ) മാംസാഹാരത്തിനും മുട്ടയ്‌ക്കും വിലക്കേർപ്പെടുത്തുന്നു. തുടക്കമെന്ന നിലയിൽ ചൊവ്വാഴ്‌ചകളിൽ സസ്യാഹാരം മാത്രം ഉപയോഗിക്കും. ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസസ് പിലാനിയു(ബിറ്റ്‌സ് പിലാനി)മായി ഇതുസംബന്ധിച്ച്‌  ധാരണയായി. ‘ഹരിത ചൊവ്വ’ ആചരിക്കുന്നതിന്റെ ഭാഗമായാണെന്നാണ്‌ ഔദ്യോഗിക ഭാഷ്യം.

ബിജെപി സർക്കാർ സർവകലാശാലകളിലും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്‌. ഭക്ഷണത്തിനുള്ള അവകാശംപോലും സംഘപരിവാറിന്റെ നിർദേശമനുസരിച്ച്‌ നടപ്പാക്കാനാണ്‌ നീക്കം. പാഠപുസ്‌തകങ്ങളിൽ സംഘപരിവാറിന്‌ അനുകൂലമായി ചരിത്രം വളച്ചൊടിക്കുന്നതിനുപിറകെയാണ്‌ ആഹാരത്തിലുള്ള കടന്നുകയറ്റം.

വെഗാൻ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ (ഗ്രീൻ ട്യൂസ്ഡേ) സംരംഭത്തിന്റെ ഭാഗമാണിതെന്ന്‌ പറഞ്ഞാണ്‌ സസ്യാഹാരം അടിച്ചേൽപ്പിക്കുന്നത്‌. മാംസാഹാരം കുറയ്ക്കുന്ന നയപരിപാടിയാണ് ഗ്രീൻ ട്യൂസ്‌ഡേ. വെഗാൻ എന്നാൽ സസ്യാഹാര പ്രിയൻ എന്നാണർഥം.

ഗോവ ബിറ്റ്‌സ് പിലാനിയിലും മുട്ടയുടെയും മാംസത്തിന്റെയും ഉപഭോഗം കുറച്ചുകൊണ്ടുവരും. ഭക്ഷ്യാധിഷ്‌ഠിത കാർബൺ ഗണ്യമായി കുറയ്ക്കാനാണെന്നാണ്‌ ഭാഷ്യം‌. ഗൗതം ബുദ്ധ സർവകലാശാലയും ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയും ഉൾപ്പെടെ 22  സർവകലാശാലകളും കോർപറേഷനുകളും വെഗാൻ ഔട്ട്‌റീച്ചിന്റെ ഗ്രീൻ ട്യൂസ്ഡേ പ്രതിജ്ഞയിൽ ഒപ്പുവച്ചു.    

വെർച്വൽ ചടങ്ങിൽ ചലച്ചിത്രതാരം സദാ സയീദ്, എവറസ്റ്റ് കൊടുമുടി ജേതാവ്‌ കുണ്ഡൽ ജോയിഷർ എന്നിവരാണ്‌ ധാരണാപത്രത്തിന്റെ ഭാഗമായി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top