മലപ്പുറം
സീറ്റിനായി നേതാക്കൾ സമ്മർദം ശക്തമാക്കിയതോടെ മുസ്ലിംലീഗിൽ നിയമസഭാ സ്ഥാനാർഥി നിർണയം കീറാമുട്ടിയായി. സീറ്റ് നഷ്ടപ്പെടുമെന്ന ഭീതിയിലാണ് സിറ്റിങ് എംഎൽഎമാർ. കൊണ്ടോട്ടി, കോട്ടക്കൽ, ഏറനാട് ഒഴികെ മിക്ക മണ്ഡലങ്ങളിലും ഒന്നിലധികം പേർ അവകാശവാദവുമായി രംഗത്തുണ്ട്.
രാജ്യസഭയിലേക്ക് പരിഗണിച്ചില്ലെങ്കിൽ ഏറനാട്ടിൽ മത്സരിക്കാനായിരുന്നു ദേശീയ ട്രഷറർ പി വി അബ്ദുൾ വഹാബിന് താൽപ്പര്യം. ഇവിടെ സിറ്റിങ് എംഎൽഎ പി കെ ബഷീർ തുടരാനാണ് സാധ്യത. മഞ്ചേരിയിൽ സിറ്റിങ് എംഎൽഎ എം ഉമ്മറിനെ മാറ്റും. ഇവിടെയും വഹാബിന് കണ്ണുണ്ട്. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു എ ലത്തീഫും രംഗത്തുണ്ട്. മലപ്പുറം സീറ്റിലേക്ക് മുസ്ലിംലീഗ് പരിഗണിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെതിരെ വൻ പടയൊരുക്കം. മലപ്പുറത്ത് മജീദ് മത്സരിച്ചാൽ സീറ്റ് നഷ്ടമാകുമെന്ന് മണ്ഡലം കമ്മറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. പാർടിയിലെ ശക്തമായ എതിർപ്പ് പലവിധത്തിൽ നേതൃത്വത്തിലെത്തിച്ചിരിക്കുകയാണ് ലീഗിലെ എതിർവിഭാഗം.
ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ അബുദാബി ഘടകവും മജീദിന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കത്തയച്ചു. ജയസാധ്യത കുറവായതിനാൽ പെരിന്തൽമണ്ണയിൽനിന്ന് വീണ്ടും മങ്കടയിലേക്ക് ചാടാനാണ് മഞ്ഞളാംകുഴി ശ്രമിക്കുന്നത്. അതോടെ ഉമ്മർ അറയ്‌ക്കലിന്റെ മോഹം പൊലിയും.
തിരൂരിൽ സി മമ്മുട്ടിയെ മാറ്റി മണ്ണാർക്കാട് നിന്ന് എൻ ഷംസുദ്ദീനെ കൊണ്ടുവന്നേക്കും. അവിടുത്തെ മണ്ഡലം കമ്മിറ്റി സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്‌തീന്റെ പേര് പറഞ്ഞിട്ടുണ്ട്. അഡ്വ. ഫൈസൽ ബാബുവും രംഗത്തുണ്ട്. തിരൂരങ്ങാടിയിൽ സഹോദരൻ കെ അൻവർ നഹ എന്ന് പി കെ അബ്ദുറബ്ബ് ചരടുവലിച്ചെങ്കിലും തള്ളി. പി കെ ഫിറോസ് താനൂരിനായി സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും പ്രാദേശിക എതിർപ്പ് ശക്തമാണ്. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മത്സരിക്കുമെന്ന് മാത്രമാണ് ഉറപ്പായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..