തിരുവനന്തപുരം
സർവകലാശാലകളിലെ ലാസ്‌റ്റ് ഗ്രേഡ് ഒഴിവിൽ നിലവിലെ എൽജിഎസ് റാങ്ക് പട്ടികയിൽനിന്നുള്ള നിയമനത്തിന് സാധ്യത സർക്കാർ ആലോചിക്കുന്നു. ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാൻ ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലപ്പെടുത്തി. പിഎസ്‌സിയുമായി കൂടിയാലോചിച്ചാകും തീരുമാനം. നിയമപരമായി തടസ്സമില്ലെങ്കിൽ സർവകലാശാലാ ഓഫീസ് അറ്റന്റൻഡുമാരുടെ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. എൽജിഎസ് റാങ്ക് പട്ടികയിൽനിന്ന് കൂടുതൽ നിയമനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാനുള്ള സുപ്രധാനമായ ചുവടുവയ്‌പ്പാണിത്.
സർവകലാശാലകളിലെ ലാസ്‌റ്റ്‌ഗ്രേഡ് നിയമനം 2020ലാണ് സർക്കാർ പിഎസ്‌സിക്ക് വിട്ടത്. ഈ തസ്‌തികയിലേക്ക് നിലവിൽ റാങ്ക് പട്ടികയില്ല. അതിനാൽ നിലവിലെ എൽജിഎസ് റാങ്ക് പട്ടികയിൽനിന്നുള്ള നിയമനത്തിന് കാര്യമായ തടസ്സമുണ്ടായേക്കില്ല. സർവകലാശാലകളിലെ ഒഴിവുകളിലും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എൽജിഎസ് റാങ്ക് പട്ടികയിലുള്ളവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് സെക്രട്ടറിക്കും സമാനമായ നിവേദനം ലഭിച്ചിരുന്നു.
1060 നിയമനത്തിനുകൂടി
സാധ്യത
അതിനിടെ കോടതി, ട്രിബ്യൂണൽ കേസുകളിൽ സ്‌റ്റേ, സിനിയോറിറ്റി തർക്കം, യോഗ്യരായവരുടെ അഭാവം തുടങ്ങിയവയാൽ 1060 പേരുടെ സ്ഥാനക്കയറ്റം മുടങ്ങിയതായി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് കണ്ടെത്തി. കേസുകളാൽ 621ഉം യോഗ്യതയില്ലാത്തതിനാൽ 439 പേരുടെയും പട്ടികയാണ് ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..