03 March Wednesday
രാഷ്‌ട്രീയക്കളിയിൽ വേഷംകെട്ടി ഇഡി

തോൽക്കാൻ വീണ്ടും ഇഡി ; രാഷ്ട്രീയദൗത്യം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021


കൊച്ചി
സ്വർണക്കടത്ത്‌, ഡോളർകടത്ത്‌, യൂണിടാക്‌ കേസന്വേഷണത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ട  ‌ഇഡി ഇപ്പോൾ കിഫ്‌ബിക്കെതിരെയാണ്‌ തിരിഞ്ഞിരിക്കുന്നത്‌. രാഷ്‌ട്രീയ യജമാനന്മാർക്കുവേണ്ടി കേസന്വേഷണം അട്ടിമറിച്ച ഇഡി, പലതവണ കോടതിയുടെ ശകാരം കേട്ടു. സ്വർണക്കടത്ത്,‌ ഡോളർകടത്ത്‌ കേസുകളിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ പ്രതിചേർക്കാൻ ഇഡി നടത്തിയ നീക്കം അപഹാസ്യമായിരുന്നു.

സ്വർണക്കടത്ത്‌ കേസന്വേഷണത്തിന്റെ തുടക്കംമുതൽ ബിജെപി നിയന്ത്രണത്തിലായിരുന്നു ഇഡി. അന്വേഷണം ഏറ്റെടുത്തതിനുപിന്നാലെ ബിജെപി മുഖപത്രത്തിന്റെ ലീഗൽ അഡ്വൈസറെ കൗൺസലായി നിയമിച്ചു. അതോടെ പ്രധാന വിവരം ബിജെപി പത്രത്തിൽ എക്സ്‌‌ക്ലൂസീവായി. പലതും കോടതിയിൽ എത്തുംമുമ്പേ മാധ്യമങ്ങൾക്ക്‌ ചോർന്നു. ശിവശങ്കറിന്റെ അറസ്‌റ്റിലുൾപ്പെടെ ഇഡി കാണിച്ച അമിതാവേശം മറ്റ്‌ കേന്ദ്രാന്വേഷണ ഏജൻസികളുടെ അതൃപ്‌തിക്കും കാരണമായി.

സ്വർണക്കടത്തിലെ കള്ളപ്പണം ഇടപാടിനെക്കുറിച്ചാണ്‌ ഇഡി അന്വേഷണം ആരംഭിച്ചത്‌. എൻഐഎയും കസ്‌റ്റംസും  പ്രധാന പ്രതികൾക്കുപുറമെ മുപ്പതോളംപേരെ പ്രതിചേർത്തെങ്കിലും ഇതിലൊരാളെപ്പോലും ഇഡി പ്രതിചേർത്തില്ല. ആദ്യനാലുപേരും എം ശിവശങ്കറും മാത്രമാണ്‌ പ്രതികളായത്‌. ഇതിനിടെ ഈന്തപ്പഴ, ഖുർആൻ കടത്ത്‌ ഇഡി ഏറ്റെടുത്തു. നാടകീയമായി മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്‌തു.  ഒടുവിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയെ തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിനം ചോദ്യംചെയ്‌തു. ലൈഫ്‌ ഭവനപദ്ധതിയെ ഇരുട്ടിൽനിർത്താനും നീക്കമുണ്ടായി. ഫയൽ ഇഷ്‌ടംപോലെ വിളിച്ചുവരുത്താനുള്ള നീക്കത്തിനെതിരെ നിയമസഭാ എത്തിക്‌സ്‌ കമ്മിറ്റി ഇഡിക്ക്‌ നോട്ടീസ്‌ അയച്ചതോടെ പിൻവാങ്ങി.

സ്വപ്‌ന സുരേഷിന്റെ ബാങ്ക്‌ ലോക്കറിൽനിന്ന്‌ എൻഐഎ പിടിച്ച പണം യൂണിടാക്‌ ഇടപാടിൽ ശിവശങ്കറിന്‌ ലഭിച്ച കമീഷനാണെന്ന ഇഡി വാദം‌ കോടതിയുടെ വിമർശത്തിനിടയാക്കി. കണ്ടെത്തൽ ഇഡി അന്വേഷിക്കുന്ന കേസിന്‌ വിരുദ്ധമല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. മുമ്പ്‌ സമർപ്പിച്ച റിപ്പോർട്ടിനും എതിരാണ്‌.

കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരിൽ ചിലരെ കേസിന്റെ ഭാഗമാക്കിയും ശിവശങ്കറിനെതിരെ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചു. അറസ്റ്റിലായി 89–-ാംദിവസം ഹൈക്കോടതി ശിവശങ്കറിന്‌ ജാമ്യം അനുവദിച്ചത്‌ ഇഡിക്ക്‌ പ്രഹരമായി.

രാഷ്‌ട്രീയക്കളിയിൽ വേഷംകെട്ടി ഇഡി
നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്‌ട്രീയ നാടകത്തിൽ കോമാളി വേഷമിട്ട് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്. കിഫ്‌ബിയെ കുറിച്ച്‌ അടിസ്ഥാന വിവരംപോലുമില്ലാതെയാണ്‌ ഇഡി നടപടി. സ്വർണക്കടത്ത്‌ കേസിലെ ചോദ്യം ചെയ്യലിനിടയിൽ, എം ശിവശങ്കറിനോട്‌ മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ ചോദിച്ചത്‌‌ കിഫ്‌ബിയിൽ നിക്ഷേപം ഉണ്ടോയെന്ന്‌.

കിഫ്‌ബി ഉദ്യോഗസ്ഥരെ കഴിഞ്ഞ മാസം 17നും, 25നും വിളിച്ചുവരുത്തി ഇഡി ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചിരുന്നു. രണ്ടാംതവണ ഇഡി ഓഫീസിലെത്തിയ കിഫ്‌ബി ഉദ്യോഗസ്ഥർക്ക്‌ കേന്ദ്ര ധനമന്ത്രിയുടെ കിഫ്‌ബി വിരുദ്ധ പ്രസംഗം ടിവിയിൽ കാണുന്ന ഉദ്യോഗസ്ഥരെയാണ്‌ കണ്ടത്‌. ഉദ്യോഗസ്ഥരോട്‌ മാർച്ച്‌ എട്ടിന്‌ വീണ്ടും ഹാജരാകാൻ‌ ആവശ്യപ്പെട്ടിരുന്നു.  നിർമലാ സീതാരാമന്റെ കേരള സന്ദർശനവും കിഫ്‌ബി വിരുദ്ധ പ്രസംഗവും കഴിഞ്ഞതോടെ, അതുവരെ ഹാജരായിരുന്ന ഉദ്യോഗസ്ഥർ പോരെന്നായി. കിഫ്‌ബി സിഇഒ കെ എം എബ്രഹാമും, ഡെപ്യൂട്ടി ജനറൽ മാനേജർ വിക്രംജിത്ത് സിങ്ങും പ്രത്യേകം ഇഡിയുടെ മുന്നിൽ ഹാജരാകണമെന്ന‌് നോട്ടീസയച്ചു. കിഫ്‌ബിയുടെ ഔദ്യോഗിക മെയിലിൽ‌ നോട്ടീസ്‌ ലഭിച്ചത് ബുധനാഴ്‌ച രാവിലെ‌. ചൊവ്വാഴ്‌ച വൈകിട്ടുതന്നെ മാധ്യമ പ്രതിനിധികൾക്ക്‌ നോട്ടീസിന്റെ വിശദാംശം വാട്‌സാപിൽ ഇഡി കേന്ദ്രങ്ങൾ കൈമാറി. ഇതിലെല്ലാം രാഷ്‌ട്രീയ ഇടപെടൽ വ്യക്തം. രണ്ടുവട്ടം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിട്ടും ഇഡിക്ക്‌ മോഹിച്ചത്‌ കിട്ടിയില്ല. രേഖയും വസ്തുതയുംവച്ചുള്ള മറുപടിയിൽ താൽപ്പര്യമുണ്ടായില്ല. തങ്ങൾക്കാവശ്യമുള്ള ഉത്തരത്തിനായി സമ്മർദ്ദം ചെലുത്തി. ഭീഷണിയും മാനസിക പീഡനവും പയറ്റി.

വസ്തുത അറിയാനാണ്‌ ഇഡിയുടെ ശ്രമമെങ്കിൽ പൂർണമായും സഹകരിക്കുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി.‌ കിഫ്‌ബിയെ സംശയത്തിന്റെ നിഴലിലാക്കാനുള്ള കൂട്ടുമുന്നണി പ്രവർത്തനം‌‌ കുറേകാലമായി നടത്തുന്നു‌. ആർഎസ്‌എസുകാരന്റെ കിഫ്‌ബി വിരുദ്ധ ഹർജിക്ക് കോൺഗ്രസ്‌  നേതാവ് വക്കാലത്തെടുക്കുന്നു. അതിൽ തെളിവ് നൽകാൻ, സകല ചട്ടവും ലംഘിച്ച്‌ അക്കൗണ്ടന്റ്‌ ജനറൽ റിപ്പോർട്ട്‌ ചമച്ചു. ഇതിന് തുടർച്ചയാണ് ഇഡി നീക്കം. ഇതിന് നിയമ നടപടികളിലൂടെയും രാഷ്ട്രീയമായും മറുപടി നൽകും.

കിഫ്ബി ഫെമ (ഫോറിൻ എക്‌സേഞ്ച്‌ മാനേജുമെന്റ്‌ ആക്ട്‌) ലംഘനം നടത്തിയിട്ടില്ല. ആക്ടിലെ വ്യവസ്ഥപ്രകാരമാണ്‌ മസാലബോണ്ടിന് ആർബിഐ അനുമതിയായത്‌. ലോൺ രജിസ്ട്രേഷൻ നമ്പർ അനുവദിച്ചുവെന്നും ഐസക്ക് പറഞ്ഞു.

കേന്ദ്രമന്ത്രിയും സുരേന്ദ്രനും 
വിമർശിച്ചു; പിന്നാലെ കേസ്
കിഫ്‌ബിക്കെതിരെ ഇഡി കേസെടുത്തത്,‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിലെത്തി ബിജെപിയുടെ തെരഞ്ഞെടുപ്പുജാഥയിൽ കിഫ്‌ബിക്കെതിരെ പ്രസംഗിച്ചതിനും കെ സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തിയതിനും തൊട്ടുപിന്നാലെ.

കിഫ്‌ബിയിലേക്ക്‌‌ ബജറ്റ്‌ വിഹിതം മുഴുവൻ ഒഴുക്കുന്നത്‌ എന്തുകൊണ്ടാണെന്നും ഇതാണ്‌ ബജറ്റ്‌ രീതിയെങ്കിൽ കേരളം മരണക്കെണിയിൽ അകപ്പെട്ടാൽ അത്ഭുതമില്ലെന്നുമായിരുന്നു‌ ഞായറാഴ്‌ച വൈകിട്ട്‌ തൃപ്പൂണിത്തുറയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രസംഗിച്ചത്‌. കെ സുരേന്ദ്രന്റെ വിജയയാത്രയിലായിരുന്നു പ്രസംഗം. തിങ്കളാഴ്‌ച രാവിലെ ബിടിഎച്ച്‌ ഹോട്ടലിൽ കെ സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തിയപ്പോൾ കിഫ്‌ബിയെയും ധനമന്ത്രി തോമസ്‌ ഐസക്കിനെയും പരിഹസിച്ചു‌. ആരാണ്‌ നിക്ഷേപം സ്വീകരിക്കാൻ സംസ്ഥാനത്തിന്‌ അനുമതി നൽകിയതെന്ന്‌ സുരേന്ദ്രൻ ചോദിച്ചു.  
ചൊവ്വാഴ്‌ച ഉച്ചയോടെ കിഫ്ബിക്കെതിരെ ഇഡി കേസെടുത്തതായി വാർത്തയും പുറത്തുവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top