കാഞ്ഞങ്ങാട‌്
ഡിവൈഎഫ‌്ഐ പ്രവർത്തകനെ വധിക്കാൻ മുസ്ലിംലീഗുകാരുടെ ശ്രമം. ഗുരുതരമായി പരിക്കേറ്റ മാണിക്കോത്ത‌് യൂണിറ്റ‌് എക‌്സിക്യൂട്ടീവ‌് കമ്മിറ്റി അംഗം ടി ധനേഷിനെ (27) കണ്ണൂർ ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുമ്പുവടികൊണ്ട് കൈയും കാലും അടിച്ചൊടിച്ചു. തലയിലും വെട്ടിപ്പരിക്കേൽപ്പിച്ചു.
മാണിക്കോത്ത‌് തിങ്കളാഴ്‌ച രാത്രിയാണ‌് സംഭവം. മഡിയനിലെ സന, അബൂബക്കർ എന്നിവരുൾപ്പെടെ പത്തോളം ലീഗുകാരാണ‌് സംഘത്തിലുണ്ടായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൊസ‌്ദുർഗ‌് പൊലീസ‌് കേസെടുത്തു. അസുഖബാധിതനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയശേഷം തിരികെ വീട്ടിലെത്തിച്ച് ബൈക്കിൽ മടങ്ങുമ്പോഴാണ‌് ആക്രമണം. ലീഗുകാർ മാരകായുധങ്ങളുമായി ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. ധനേഷിന്റെ ദേഹത്ത് എട്ടിടത്ത് എല്ലുപൊട്ടിയിട്ടുണ്ട്. തലയിലെ മുറിവും സാരമുള്ളതാണ‌്. ബൈക്കിനുമുകളിൽ ചെത്തു കല്ലെടുത്തിട്ടു.
ശബ്ദം കേട്ട് സമീപത്തെ വീടുകളിൽനിന്ന് ആളുകൾ എത്തിയപ്പോൾ അക്രമികൾ ഓടിമറഞ്ഞു. അവശനിലയിലായ ധനേഷിനെ കാർ യാത്രക്കാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്‌ച ശസ്‌ത്രക്രിയക്കുശേഷം ധനേഷിനെ തീവ്രപചരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ‌് അബ്ദുറഹ‌്മാനെ കൊലപ്പെടുത്തിയ പഴയകടപ്പുറം കല്ലൂരാവിക്കുസമീപമാണ് മാണിക്കോത്ത് പ്രദേശം. ഔഫിന്റെ കൊലപാതകികളെ സംരക്ഷിക്കുന്ന ലീഗ് നേതൃത്വം ഈ പ്രദേശത്ത് സമാധാനം കെടുത്തുകയാണ്. സിപിഐ എമ്മിലേക്കും ഡിവൈഎഫ‌്ഐയിലേക്കും വരുന്ന യുവാക്കളെ ഭീതിപരത്തി തടയുകയാണ് അക്രമത്തിന്റെ ഉദ്ദേശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..