കൊൽക്കത്ത > പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പുരുളിയ, ജാർഗ്രാം, ബാങ്കുറ, പശ്ചിമ മെദിനിപുർ, പൂർവ മെദിനിപുർ ജില്ലകളിലെ 30 മണ്ഡലത്തിലാണ് 27ന് ആദ്യഘട്ട വോട്ടെടുപ്പ്. ഒമ്പതുവരെ പത്രിക നല്‍കാം. 12 വരെ പിന്‍വലിക്കാം. ആകെ 294 സീറ്റിലേക്ക് എട്ടുഘട്ടമായി ഒരുമാസത്തിലേറെ നീളുന്ന വോട്ടെടുപ്പ് ബംഗാളിൽ ഏപ്രില്‍29ന് സമാപിക്കും. ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് അരമണിക്കൂര്‍ കൂടി നീട്ടി. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറരവരെയാണ് വോട്ടെടുപ്പ്.
ഇടതുമുന്നണിയും ജനാധിപത്യ മതേതര കക്ഷികളും ഉള്‍പ്പെട്ട സംയുക്ത മോർച്ച, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി ത്രികോണമത്സരമാണ് ബംഗാളില്‍. പത്രിക സമർപ്പണം തുടങ്ങിയെങ്കിലും പ്രധാന മുന്നണികള്‍ സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയിട്ടില്ല. ഇടതുമുന്നണി സീറ്റുവിഭജന ചർച്ച അന്തിമഘട്ടത്തില്ലാണ്. രണ്ടുദിവസത്തിനകം പ്രഖ്യാപനമുണ്ടാകും.
സ്ഥാനാർഥി ചർച്ച നടക്കുന്നതിനിടെ അസൻസോൾ മുൻ മേയർ കൂടിയായ തൃണമൂല്‍ എംഎല്‍എ ജിതേന്ദ്ര തിവാരി ബിജെപിയില്‍ ചേർന്നു. സീറ്റ് നിഷേധിച്ചാല്‍ സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറുമെന്ന ആശങ്കയിലാണ് നേതൃത്വം. രണ്ടുതവണ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നെങ്കിലും തീരുമാനമായില്ല. 80 കഴിഞ്ഞവര്‍ മത്സരിക്കേണ്ട എന്ന് മാത്രമാണ് മമത നിര്‍ദേശിച്ചത്. പ്രഖ്യാപനം വരുംമുമ്പ് പലയിടത്തും സീറ്റ് മോഹികൾ ചുവരെഴുത്തു തുടങ്ങി. എതിര്‍ ഗ്രൂപ്പുകള്‍ തടസ്സമുയര്‍ത്തിയതോടെ പലയിടത്തും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങി. തൃണമൂല്‍ പട്ടിക വന്നശേഷം എത്രപേര്‍ പുറത്തുവരുമെന്ന് കാത്തിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ഥിപട്ടിക ഇറക്കാന്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..