തിരുവനന്തപുരം
ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളുമായി സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത് ആറുലക്ഷത്തോളം പേർ. അറുപതുവയസ്സിന് മുകളിലുള്ളവരും മറ്റ് രോഗങ്ങളുള്ളവരും വാക്സിൻ സ്വീകരിച്ചുതുടങ്ങിയതോടെ എണ്ണം ഇനിയും വർധിക്കും. ഇതുവരെ 15 ലക്ഷം ഡോസാണ് സംസ്ഥാനത്തിന് ലഭിച്ചത്. രണ്ടാംഘട്ട വാക്സിനേഷനും ആരംഭിച്ചു. കോവിഷീൽഡോ കോവാക്സിനോ ആണ് സെന്ററിൽ നൽകുക.
അനങ്ങാതെ വെബ്‌സൈറ്റ്
മുതിർന്നവർക്കും രോഗികൾക്കും രജിസ്‌റ്റർ ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആരംഭിച്ച കോവിൻ വെബ്‌സൈറ്റ് പ്രവർത്തിക്കാതായിട്ട് ദിവസങ്ങൾ. സോഫ്റ്റ്‌വെയറിലെ പോരായ്മയാണെന്നാണ് അധികൃതരുടെ വാദം. രജിസ്റ്റർ ചെയ്യാനുള്ള ആദ്യപടിയിൽതന്നെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമാകുകയാണ്.
സ്വകാര്യകേന്ദ്രങ്ങളിൽ 250 രൂപ
സ്വകാര്യ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഒരു ഡോസ് വാക്സിന് ഈടാക്കുന്നത് 250 രൂപ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് 100 രൂപ സർവീസ് ചാർജും 150 രൂപ ഡോസിന്റെ വിലയും ഈടാക്കുന്നത്.
വീണ്ടും അവസരം
ആരോഗ്യപ്രവർത്തകരുടെയും മുന്നണിപ്പോരാളികളുടെയും വാക്സിനേഷൻ അവസാനിച്ചതോടെ അവസരം ലഭിക്കാത്തവർക്ക് വീണ്ടും അവസരം. ആരോഗ്യപ്രവർത്തകർ സ്ഥാപന ഐടി കാർഡും മുന്നണിപ്പോരാളികൾ അതത് വിഭാഗം തലവൻ നൽകുന്ന കത്തുമായി വാക്സിനേഷൻ സെന്ററിലെത്തണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..