03 March Wednesday

ഗ്യാസിൽ പുകയുന്ന അടുക്കളക​ൾ; കത്തിക്കയറി പാചകവാതക വില

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

തിരുവനന്തപുരം  > "കുട്ടികളടക്കം വീട്ടിൽ ഏഴുപേരുണ്ട്‌, ഒരു ഗ്യാസ്‌ സിലിൻഡർ ഒരു മാസം പോലും തികയാത്ത അവസ്ഥയാണ്‌. കഴിഞ്ഞ തവണ വാങ്ങിയപ്പോൾ വില 825 ആയി. എങ്ങനെ ജീവിക്കുമെന്നറിയില്ല'–- തമ്പാനൂരിലെ രാജാജി നഗറിലെ വീടിനുമുന്നിലിരുന്ന്‌ സരസു പറഞ്ഞു. രണ്ട്‌ പെൺമക്കളും കൊച്ചുമക്കളുമടങ്ങുന്നതാണ്‌ സരസുവിന്റെ കുടുംബം.
ഓരോ മാസം ബുക്ക്‌ ചെയ്യുമ്പോഴും ഓരോ വിലയാണ്‌. സിലിൻഡർ എടുക്കാൻ‌ പൂജപ്പുരയിലെ ഗോഡൗൺവരെ പോകണമെങ്കിൽ നൂറുരൂപയോളം ഓട്ടോക്കൂലിയാകും. ചുരുക്കത്തിൽ ഒരു സിലിൻഡർ വീട്ടിലെത്തണേൽ ആയിരം രൂപ ചെലവുണ്ട്. ദിവസക്കൂലി മാത്രം ആശ്രയമായ ഞങ്ങളെ പോലുള്ള കുടുംബങ്ങൾ ഇതെങ്ങനെ താങ്ങും–-സരസു ചോദിക്കുന്നു. ഭർത്താവും ഒരു മകനും നേരത്തെ മരിച്ചുപോയ സരസുവിന്‌ രണ്ട്‌ പെൺമക്കളും കൊച്ചുമക്കളും മാത്രമാണ്‌ ആശ്രയം.

ഇവരെപ്പോലെ ആയിരക്കണക്കിന്‌ കുടുംബങ്ങളെയാണ്‌ ദിനംപ്രതിയുള്ള ഈ വിലവർധന ബാധിച്ചത്‌. ഗ്യാസ്‌ ഉപയോഗം കുറച്ച്‌ മണ്ണെണ്ണ അടുപ്പ്‌ പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്‌ പല കുടുംബങ്ങളും.

വീട്ടിൽ ആറ്‌ അംഗങ്ങളുള്ള ശശികലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഓട്ടോഡ്രെവറായ ഭർത്താവിന്റെ തുച്ഛവരുമാനത്തിൽ വേണം ഇവർക്ക്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ. "ഒരു ഗ്യാസ്‌ കുറ്റി ഒരു മാസം തികഞ്ഞാൽ ഭാഗ്യം. ഡീസലിന്റെ വില ദിനംപ്രതി വർധിക്കുന്നതിനാൽ ഓട്ടോ ഓടുന്നതും മുതലാകുന്നില്ല. സാധാരണക്കാരായ ഞങ്ങളെ സംബന്ധിച്ച്‌ ജീവിതം വലിയ ബുദ്ധിമുട്ടാണ്‌. ഇൻഡക്‌‌ഷൻ അടുപ്പ്‌ ഉണ്ടെങ്കിലും വൈദ്യുതി ബിൽ കൂടിയാലോ എന്നുകരുതി അതിന്റെ ഉപയോഗവും കുറച്ചിരിക്കുകയാണ്‌'–-ശശികല പറയുന്നു.

ഇടത്തരക്കാരുടെ നടുവൊടിക്കുന്ന ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ  തയ്യാറാകണം. അല്ലാത്തപക്ഷം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ലെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നുമാണ്‌ പൂജപ്പുര സ്വദേശി ശ്രീകുമാറിന്റെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top