02 March Tuesday

മീനിന്‌ 
ശസ്‌ത്രക്രിയ ; സംഭവം നടന്നത്‌ തിരുവനന്തപുരം മൃഗശാലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021


തിരുവനന്തപുരം
മൃഗശാലയിലെ അക്വേറിയത്തിലുള്ള മൂന്ന്‌ മൊറേ ഈലുകൾ (കടൽ മത്സ്യം) തമ്മിൽ അടിപിടിയായി. ഒരെണ്ണത്തിന്‌ കടിയേറ്റു. കടലിലാണെങ്കിൽ ഇതൊന്നും ആരും ശ്രദ്ധിക്കില്ല. പക്ഷേ, സംഭവം നടന്നത്‌ തിരുവനന്തപുരം മൃഗശാലയിലായതിനാൽ എല്ലാവരും അറിഞ്ഞു. ഡോക്ടറെത്തി. പരിക്കേറ്റ ഈലിനെ പരിശോധിച്ചു. പക്ഷേ, സംഗതി സീരിയസായിരുന്നു.
പിന്നെ നടന്നതെല്ലാം ചരിത്രത്തിൽ അപൂർവമായ സംഭവങ്ങൾ. ഗുരുതരമായി പരിക്കേറ്റ മീനിന്‌ ശസ്‌ത്രക്രിയ ചെയ്യാൻ മൃഗശാല ഡോക്‌ടർ ജേക്കബ്‌ അലക്‌സാണ്ടർ തീരുമാനിച്ചു. ചെങ്ങന്നൂരിൽനിന്നുള്ള ഡോക്‌ടർ ദമ്പതിമാരായ ടിക്കു എബ്രഹാം, അമൃതലക്ഷ്‌മി എന്നിവരും സഹായിക്കാനെത്തി.

60 സെന്റീമീറ്റർ നീളമുള്ള ഈലിന്റെ ദേഹത്ത്‌ ആറ്‌ സെന്റിമീറ്റർ നീളത്തിലാണ്‌ മുറിവുണ്ടായത്‌. ഇതിന്റെ കുടലടക്കം‌ പുറത്തുവന്നിരുന്നു. 30 തുന്നിക്കെട്ടൽ‌ വേണ്ടി വന്നു‌. ഞായറാഴ്‌ച പകൽ 3.30ന്‌ ആരംഭിച്ച ശസ്‌ത്രക്രിയ 6.30 ഓടെയാണ്‌ അവസാനിച്ചത്‌. എന്നാൽ ശസ്‌ത്രക്രിയയ്‌ക്കുശേഷം  പ്രത്യേക ടാങ്കിൽ നിരിക്ഷണത്തിൽ സൂക്ഷിച്ചിരുന്ന മീൻ പിന്നീട്‌ ചത്തുപോയി.

‘കടൽ മത്സ്യമായതിനാൽ കടൽ വെള്ളത്തിൽ തന്നെയായിരുന്നു ശസ്‌ത്രക്രിയയെന്ന്‌ ഡോ. ജേക്കബ്‌ അലക്‌സാണ്ടർ പറഞ്ഞു. ഇന്ത്യൻ മൃഗശാലകളിൽ ഇത്തരമൊരു ശസ്‌ത്രക്രിയ ആദ്യമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top