02 March Tuesday

ബലാത്സംഗക്കേസ് പ്രതിക്ക് അറസ്റ്റില്‍ നിന്നും സംരക്ഷണം അനുവദിച്ച സുപ്രീംകോടതി നടപടി ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കും: ബൃന്ദ കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021

ന്യൂഡല്‍ഹി>  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക്  അറസ്റ്റില്‍ നിന്നും സംരക്ഷണം അനുവദിച്ച സുപ്രീംകോടതി നടപടി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന്  സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് . പ്രതിയുടെ അറസ്റ്റ് തടഞ്ഞതിനൊപ്പം ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോയെന്നും സുപ്രീംകോടതി ചോദിച്ചു.

16 വയസുള്ള പെണ്‍കുട്ടിയെ പ്രതി സമ്മര്‍ദ്ദത്തിലാക്കി ബലാത്സംഗം ചെയ്തു. 10-12 തവണ പ്രതി അതേ കുറ്റകൃത്യം ആവര്‍ത്തിച്ചു. സമ്മര്‍ദ്ദം താങ്ങാനാകാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കാര്യത്തില്‍ അനുമതി ഉണ്ടോ ഇല്ലയോ എന്ന വസ്തുതയ്ക്ക് നിയമത്തിന് മുന്നില്‍ പ്രസക്തിയില്ല. ബലാത്സംഗത്തിന് ഇരയായവര്‍ ആരുടെയും റിമോട്ട് കണ്‍ട്രോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ അല്ലെന്ന് മനസിലാക്കണം.

ബലാത്സംഗത്തിന് ഇരകളായവര്‍ 'മോശം സ്ത്രീകള്‍' ആണെന്നും ബലാത്സംഗം ചെയ്തവര്‍ തന്നെ ഇരകളെ വിവാഹം ചെയ്താല്‍ നഷ്ടപ്പെട്ട അഭിമാനം തിരിച്ചുകിട്ടുമെന്നുമുള്ള അറുപിന്തിരിപ്പന്‍ മനോഭാവം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, ഇത്തരം മനോഭാവങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള നിരീക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതോടൊപ്പം വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വഞ്ചിച്ച  കേസിലെ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്.


 'എത്ര ക്രൂരനായ ആളാണ് ഭര്‍ത്താവെങ്കിലും, രണ്ടുപേര്‍ ഭാര്യയും ഭര്‍ത്താവുമായി കഴിയുമ്പോള്‍ അവര്‍ തമ്മിലുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമെന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ?'--എന്നാണ് കോടതി ചോദിച്ചത്. സ്ത്രീകള്‍ നേരിടുന്ന ക്രൂരതകളെ ന്യായീകരിക്കുന്ന രീതിയിലുള്ള ഈ പരാമര്‍ശവും കോടതി പിന്‍വലിക്കണമെന്നും ബൃന്ദാകാരാട്ട് ചീഫ്ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top