കൊച്ചി
പാചകവാതകവില കേന്ദ്രസർക്കാർ വീണ്ടും കുത്തനെ കൂട്ടി. തിങ്കളാഴ്‌ച ഗാർഹിക ഉപയോക്താക്കൾക്കുള്ള സിലിൻഡറിന് 25ഉം വാണിജ്യാവശ്യത്തിനുള്ള സിലിൻഡറിന് 96 രൂപയും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിൻഡറിന് നാലാഴ്‌ചക്കുള്ളിൽ നാലുതവണയായി 125 രൂപ കൂട്ടിയപ്പോൾ വാണിജ്യ സിലിൻഡറിന് നാലുമാസത്തിനുള്ളിൽ 500 രൂപ വർധിപ്പിച്ചു.
കൊച്ചിയിൽ 801 രൂപയായിരുന്ന 14.2 കിലോ ഗാർഹിക സിലിൻഡറിന്റെ വില തിങ്കളാഴ്‌ച 826 രൂപയായി. തിരുവനന്തപുരത്ത് 828.5ഉം കോഴിക്കോട്ട് 828 രൂപയും കൊടുക്കേണ്ടിവരും. ഡൽഹിയിൽ 819ഉം കൊൽക്കത്തയിൽ 845ഉം മുംബൈയിൽ 819 രൂപയുമാണ് വില. ഫെബ്രുവരി നാലിനും 25നും 25രൂപ വീതവും ഫെബ്രുവരി 15നും ഡിസംബർ ഒന്നിനും 16നും 50 രൂപ വീതവുമാണ് കൂട്ടിയത്. ഡിസംബറിനുശേഷം മൊത്തം 225 രൂപ വർധിപ്പിച്ചു. 96 രൂപ കൂട്ടിയതോടെ 19 കിലോഗ്രാം വാണിജ്യ സിലിൻഡറിന് കൊച്ചിയിൽ 1604.5ഉം തിരുവനന്തപുരത്ത് 1620ഉം കോഴിക്കോട്ട് 1628.5 രൂപയുമാണ് പുതിയ വില. ഡൽഹിയിൽ 1,614 രൂപയുമായി.
പെട്രോൾ ഡീസൽ വിലവർധനകൊണ്ടുതന്നെ താളംതെറ്റിയ കുടുംബബജറ്റുകൾക്ക് ഇരട്ടപ്രഹരമാണ് പാചകവാതക വിലവർധനയിലൂടെ കേന്ദ്രസർക്കാർ നൽകിയത്. കോവിഡിന്റെ സാമ്പത്തികപ്രതിസന്ധി അവസാനിക്കുംമുമ്പേയുള്ള വിലവർധന അടുക്കള ബജറ്റുകളുടെ താളംതെറ്റിക്കും. വീടുകളിൽ ഭക്ഷണം പാകം ചെയ്യാനാകാതെ സിലിൻഡറുകൾ നോക്കുകുത്തിയാകും. ഹോട്ടലുടമകൾക്കാകട്ടെ പാചകവാതകത്തിൽമാത്രം പ്രതിദിനം 1000 മുതൽ 1500 രൂപവരെ അധിക ചെലവുണ്ടാകും. ഇതോടെ ഹോട്ടൽ ഭക്ഷണത്തിന് തീവിലയാകുമെന്ന് ഉറപ്പായി.
കേന്ദ്രം സബ്‌സിഡി
നിർത്തിയിട്ട് എട്ടുമാസം
കേന്ദ്ര പെട്രോളിയം മന്ത്രാലയം ഗാർഹികാവശ്യത്തിനുള്ള സിലിൻഡറിന്റെ സബ്‌സിഡി നിർത്തിയിട്ട് എട്ടുമാസമായി. അന്താരാഷ്‌ട്ര വിപണിയിൽ വിലകുറഞ്ഞതോടെ സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ സിലിൻഡറിന് വില തുല്യമെന്ന ന്യായംപറഞ്ഞാണ് ഒരു അറിയിപ്പുമില്ലാതെ സബ്‌സിഡി നിർത്തലാക്കിയത്. പിന്നീട് തുടർച്ചയായി ആറാംതവണയാണ് വിലകൂട്ടി കേന്ദ്രം ജനങ്ങളെ പൊറുതിമുട്ടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..