02 March Tuesday

സജീന്ദ്രൻ എംഎൽഎയും പേഴ്സണൽ സ്റ്റാഫും അനധികൃത ബാങ്കിടപാട്‌ നടത്തിയെന്ന്‌ രേഖകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021


കോലഞ്ചേരി
കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രന്റെയും പേഴ്സണൽ സ്റ്റാഫിന്റെയും അനധികൃത ബാങ്ക്‌ ഇടപാടുകളുടെ  രേഖകൾ പുറത്ത്. മുൻ ഡിസിസി ജനറൽ സെക്രട്ടറി ബി ജയകുമാറാണ് ബാങ്ക് ഇടപാടുകളുടെ രേഖകൾ പുറത്തുവിട്ടത്.
എംഎൽഎയുടെയും പേഴ്സണൽ സ്റ്റാഫ് അൻസലിന്റെയും  ബാങ്ക്  അക്കൗണ്ടുകളില്‍ ചുരുങ്ങിയ മാസങ്ങളിൽ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി ജയകുമാർ ആരോപിച്ചു. പല ഏജന്‍സികളില്‍നിന്നും വ്യക്തികളില്‍നിന്നും പണം വാങ്ങിയതായാണ് അക്കൗണ്ട് രേഖകളിൽ  കാണുന്നത്.

എംഎൽഎയുടെ പേരില്‍ കനറാബാങ്ക് കോലഞ്ചേരി ശാഖയിലുള്ള  അക്കൗണ്ടുവഴി 2016 ഏപ്രില്‍ 21നും ജൂണ്‍ 15നും ഇടയിൽ  23 ലക്ഷത്തിലധികം രൂപയുടെ ഇടപാടാണ് നടന്നത്. പേഴ്‌സണല്‍ സ്റ്റാഫിന്റെ അക്കൗണ്ടുവഴി 2018 ആഗസ്‌ത്‌ ഒന്നുമുതല്‍ 2020 സെപ്തംബര്‍ 30 വരെയുള്ള രണ്ടുവര്‍ഷത്തെ വരവ് 15,94,000 രൂപയാണ്.

സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന പേഴ്‌സണല്‍ സ്റ്റാഫിന് പ്രതിമാസം 20,000  രൂപമാത്രമാണ് ശമ്പളം. അങ്ങനെയുള്ള ഒരാളുടെ അക്കൗണ്ടുവഴിയാണ്‌ വിവിധ ഏജന്‍സികളില്‍നിന്നും കരാറുകാരില്‍നിന്നും ബാങ്കുവഴി ഇത്രയധികം പണം സ്വന്തം അക്കൗണ്ടിലേക്ക്  കൈപ്പറ്റിയിരിക്കുന്നത്.

പണം പേഴ്‌സണല്‍ സ്റ്റാഫിന്റെ സ്വന്തം കമീഷനാണോ, എംഎല്‍എക്കുവേണ്ടി വാങ്ങുന്നതാണോ എന്ന് സജീന്ദ്രന്‍ വെളിപ്പെടുത്തണമെന്ന് ജയകുമാര്‍ ആവശ്യപ്പെട്ടു. 2011 മുതൽ 16 വരെയുള്ള അഞ്ചു വർഷത്തിനിടെ എംഎൽഎയുടെ ആസ്തി 3004.035 % വർധിച്ചെന്ന് വിവരാവകാശ രേഖകൾ നിരത്തി കഴിഞ്ഞ ദിവസം ജയകുമാർ വാദിച്ചിരുന്നു. 10 കോടിയിലധികം രൂപയാണ് ഈ കാലയളവിൽ എംഎൽഎ അനധികൃതമായി സമ്പാദിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കുന്നതടക്കമുള്ള നിയമവിരുദ്ധപ്രവൃത്തികൾ നടന്നിട്ടുണ്ടെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ജയകുമാർ ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top