02 March Tuesday

ബം​ഗാള്‍ പൊലീസിനെ അഴിച്ചുപണിത് തെരഞ്ഞെടുപ്പ് കമീഷൻ

​ഗോപിUpdated: Tuesday Mar 2, 2021



കൊൽക്കത്ത
പെരുമാറ്റച്ചട്ടം വന്നതോടെ പശ്ചിമബം​ഗാള്‍ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി തെരഞ്ഞെടുപ്പ് കമീഷൻ. രണ്ടു ദിവസത്തിനിടെ പൊലീസ് തലപ്പത്ത് വിവിധ തസ്തികയിലുള്ള 38 പേരെ എല്ലാ തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്നും ഒഴിവാക്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി  ജാവേദ് ഷമീമിനെ നീക്കി പകരം അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ  ജസ് മോഹന് ചുമതല നല്‍കി. മുഖ്യമന്ത്രി  മമത ബാനർജിയുടെ അടുത്ത ആളായ ജാവേദ് രണ്ടാഴ്ച മുമ്പാണ് ഈ ചുമതലയിലെത്തിയത്. ബം​ഗാളിലെ 29 ഐഎഎസുകാരെയും ഒമ്പത് ഐപിഎസുകാരെയും മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ജോലിക്ക് വിട്ടു.

തെരഞ്ഞെടുപ്പില്‍ ക്രമസമാധാന മേല്‍നോട്ടത്തിനായി  രണ്ട് പൊലീസ് നിരീക്ഷകരെ ബം​ഗാളില്‍ നിയോ​ഗിക്കുന്നതും ആദ്യം. 125 കമ്പനി കേന്ദ്ര സേനയെ ഇറക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് 12 കമ്പനി എത്തി. പല ജില്ലകളിലും കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും വ്യാപകമായ ആക്രമണമാണ് തൃണമൂലും ബിജെപിയും നടത്തിയത്. നിരവധിപേര്‍ കൊല്ലപ്പെട്ടു. ഇത്തവണ എട്ടുഘട്ടമായാണ് വോട്ടെടുപ്പ്, ആദ്യഘട്ടം മാര്‍ച്ച് 27ന്.

അതേസമയം, കൊല്‍ക്കത്തയിലെത്തിയ ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവ് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ബം​ഗാളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ എഐസിസി 28 നിരീക്ഷകരെ ഏര്‍പ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top