02 March Tuesday

ഐഎസ്‌എലിൽ ഇനി കിരീടപ്പോര്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021


ഫത്തോർദ
ഐഎസ്‌എലിൽ ഇനി കിരീടപ്പോരാട്ടം. സെമി മത്സരങ്ങൾക്ക്‌ വെള്ളിയാഴ്‌ച തുടക്കമാകും. എഫ്‌സി ഗോവ മുംബൈ സിറ്റിയെ നേരിടും. രണ്ടാം സെമിയിൽ ശനിയാഴ്‌ച നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ എടികെ മോഹൻ ബഗാനുമായി ഏറ്റുമുട്ടും. രണ്ട്‌പാദങ്ങളിലായാണ്‌ സെമി. 11നാണ്‌ ഫൈനൽ. നാലാം കിരീടം ലക്ഷ്യമിട്ടാണ്‌ നിലവിലെ ചാമ്പ്യൻമാരായ എടികെ ഇറങ്ങുന്നത്‌. മറ്റ്‌ മൂന്ന്‌ ടീമുകളുടെയും കണ്ണ്‌ ആദ്യ കിരീടത്തിലേക്കാണ്‌. ഇതിൽ ഗോവ രണ്ടുവട്ടം ഫൈനലിൽ കടന്നിട്ടുണ്ട്‌.

ലീഗ്‌ ഘട്ടത്തിൽ മുംബൈയും എടികെയും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം. ഇരുടീമുകളും 20 കളിയിൽ 12ൽ ജയം നേടി. നാലുവീതം‌ ജയവും സമനിലയും ഉൾപ്പെടെ 40 പോയിന്റ്‌. നേരിട്ട്‌ ഏറ്റുമുട്ടിയപ്പോൾ നേടിയ ജയത്തിൽ മുംബൈ ഒന്നാമൻമാരായി. ഷീൽഡ്‌ ജേതാക്കളായി എഎഫ്‌സി ചാമ്പ്യൻസ്‌ ലീഗിന്‌ യോഗ്യത നേടി. പരിശീലകനായ സെർജിയോ ലൊബെറൊയുടെ തന്ത്രങ്ങളാണ്‌ മുംബൈയുടെ കുതിപ്പിന്‌ ഇന്ധനം. എടികെ സ്ഥിരതയോടെയാണ്‌ കളിച്ചത്‌. തുടക്കത്തിലേ മുന്നേറി. പ്രതിരോധവും മുന്നേറ്റവുമെല്ലാം മികച്ചതായി.

നോർത്ത്‌ ഈസ്റ്റാണ്‌ ഇത്തവണത്തെ കറുത്ത കുതിരകൾ. തുടക്കത്തിൽ തകർന്ന ടീം പരിശീലകൻ ജെറാർഡ്‌ നെസിനെ പുറത്താക്കി. പകരമെത്തിയത്‌ ഇന്ത്യക്കാരൻ ഖാലിദ്‌ ജമീൽ. ഈ നാൽപ്പത്തിമൂന്നുകാരനിലൂടെ നോർത്ത്‌ ഈസ്റ്റ്‌ മുന്നേറി. തുടർജയങ്ങളിലൂടെ ടീമിനെ പ്ലേ ഓഫിലെത്തിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പരിശീലകനാണ്‌.
അവസാന 13 കളിയിൽ തോൽക്കാതെയാണ്‌ ഗോവ സെമിയിൽ ഇടം കണ്ടെത്തിയത്‌. ആദ്യഘട്ടത്തിൽ ഗോൾവേട്ടക്കാരിൽ ഒന്നാമൻ എടികെയുടെ റോയ്‌ കൃഷ്ണയാണ്‌. 14 ഗോളടിച്ചു. രണ്ടാമത്‌ ഗോവയുടെ ഐഗർ അങ്കുളോയാണ്‌ (13).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top