കൊല്ലം > എൻ കെ പ്രേമചന്ദ്രൻ –-ഷിബു ബേബിജോൺ സഖ്യത്തിന്റെ സമ്മർദതന്ത്രത്തിൽ സംസ്ഥാന സെക്രട്ടറി എ എ അസീസ് പിന്മാറിയതോടെ ഇരവിപുരത്ത് ബാബു ദിവാകരനെ മത്സരിപ്പിക്കാൻ ആർഎസ്‌പി തീരുമാനം. ചവറയിൽ ഷിബു ബേബിജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും സ്ഥാനാർഥികളാകും. ആറ്റിങ്ങൽ, തൃശൂർ കയ്‌പമംഗലം സീറ്റുകളിൽ തീരുമാനമായില്ല. കയ്‌പമംഗലം വച്ചുമാറാൻ ആർഎസ്‌പി കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എ എ അസീസ് ആഗ്രഹിച്ച സീറ്റായിരുന്നു ഇരവിപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരവിപുരത്തുനിന്ന് തോറ്റെങ്കിലും തോൽവി സ്ഥാനാര്‍ഥിയാകാനുള്ള അയോഗ്യതയല്ലെന്ന് അസീസ് പറഞ്ഞിരുന്നു. അസീസ് അനുകൂലികളുടെ ശക്തമായ എതിർപ്പുകളെ അവഗണിച്ച് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും മുൻ മന്ത്രിയുമായ ബാബുദിവാകരനെ സ്ഥാനാർഥിയാക്കാൻ മണ്ഡലം കമ്മിറ്റി തിങ്കളാഴ്‌ച ശുപാർശചെയ്യുകയായിരുന്നു. മറുവിഭാഗത്തിന്റെ കടുത്ത സമ്മർദത്തിൽ താൻ മത്സരിക്കാനില്ലെന്നു കമ്മിറ്റിയിൽ പറഞ്ഞ അസീസിന് ബാബുദിവാകരന്റെ പേര് നിർദ്ദേശിക്കേണ്ടിയുംവന്നു.
ചവറയിൽ ഷിബു ബേബിജോൺ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. കുന്നത്തൂർ, ശൂരനാട് മണ്ഡലം കമ്മിറ്റികൾ കുന്നത്തൂരിൽ ഉല്ലാസ് കോവൂരിന്റെ പേര് ശുപാർശചെയ്യുകയായിരുന്നു. കഴിഞ്ഞ തവണയും മത്സരിച്ചത് ഉല്ലാസ് കോവൂരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..