കൊച്ചി > ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ സമരം ഒത്തു തീർപ്പാക്കിയ ജനകീയ സർക്കാരിന് നന്ദിയറിച്ച് ഉദ്യോഗാർഥികൾ. കോട്ടയം, എറണാകുളം ജില്ലകളിലെ ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട ഇരുപത്തഞ്ചോളം ഉദ്യോഗാർഥികളാണ് സർക്കാരിനുള്ള നന്ദിയറിക്കാൻ സിഐടിയു–-ഡിവൈഎഫ്‌ഐ–-എസ്‌എഫ്‌ഐ സംയുക്ത സംസ്ഥാന കൺവൻഷൻ വേദിയിലെത്തിയത്.
പരമാവധി ഉദ്യോഗാർഥികൾക്ക് ഈ റാങ്ക് ലിസ്‌റ്റിൽ നിന്ന് നിയമനം നടത്താൻ ഡിവൈഎഫ്‌ഐ ഇടപെടുമെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്യോഗാർഥികളോട് പറഞ്ഞു. വളരെ ജനാധിപത്യപരമായാണ് ഉദ്യോഗാർഥികൾ സമരം ചെയ്‌തത്.
സർക്കാർ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനുള്ള ഇടപെടൽ ഡിവൈഎഫ്‌ഐ ഏറ്റെടുക്കുകയാണ്. ചുവപ്പു നാടകളിൽ കുടുങ്ങാതെ നടപടികൾ വേഗത്തിലാക്കാൻ ഡിവൈഎഫ്‌ഐ ഇടപെടും. സർക്കാർ സർവീസിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും റാങ്ക് ഹോൾഡർമാരുടെയും യോഗം നാലിന് തിരുവനന്തപുരത്ത് ചേരും.
നേരത്തെ തന്നെ പരിഹരിക്കാവുന്ന പ്രശ്‌നമാണെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ദുഷ്ടമനസ്സാണ് കാണിക്കുന്നത്. ഈ പ്രശ്‌നം തെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടു പോവാമെന്നാണ് പ്രതിപക്ഷം കരുതിയിരുന്നതെന്നും എ എ റഹീം പറഞ്ഞു.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, കേന്ദ്രകമ്മിറ്റിയംഗം എം വിജിൻ, എം ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ്, സെക്രട്ടറി എ എ അൻഷാദ് എന്നിവരുമായും ഉദ്യോഗാർഥികൾ കൂടിക്കാഴ്ച നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..