ചേർത്തല > വയലാർ നാഗംകുളങ്ങരയിൽ ആർഎസ‌്എസ‌് പ്രവർത്തകൻ നന്ദുകൃഷ‌്ണയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ എട്ട‌് എസ‌്ഡിപിഐ പ്രവർത്തകരെയും കോടതി പൊലീസ‌് കസ‌്റ്റഡിയിൽവിട്ടു. വൈദ്യസഹായം ഉറപ്പാക്കണമെന്ന ഉപാധിയോടെ ഏഴ‌് ദിവസത്തേക്കാണ‌് ഇവരെ കസ‌്റ്റഡിയിൽ വിട്ടത‌്. ആരോഗ്യപ്രശ‌്നങ്ങളുണ്ടെന്നും ചികിത്സ ലഭ്യമാക്കിയില്ലെന്നും കസ‌്റ്റഡി അപേക്ഷ പരിഗണിക്കവെ പ്രതികൾ കോടതിയെ അറിയിച്ചു. ഇതോടെ മുഴുവൻ പ്രതികളെയും വൈദ്യപരിശോധനയ‌്ക്ക‌് വിധേയമാക്കാൻ കോടതി നിർദേശിച്ചു.
ചേർത്തല താലൂക്ക‌് ആശുപത്രിയിലെ വൈദ്യപരിശോധനയിൽ ആർക്കും കാര്യമായ ആരോഗ്യപ്രശ‌്നങ്ങളില്ലെന്ന‌് കണ്ടെത്തി. വീണ്ടും പ്രതികളെ കോടതിയിൽ എത്തിച്ചശേഷമാണ‌് കസ‌്റ്റഡി അപേക്ഷയിൽ തീർപ്പ‌് കൽപ്പിച്ചത‌്. 48 മണിക്കൂർ ഇടവിട്ട് പ്രതികളെ വൈദ്യപരിശോധനയ‌്ക്ക‌് വിധേയമാക്കണമെന്ന‌് കോടതി പൊലീസിനോട‌് നിർദേശിച്ചു. പ്രതികൾ ആവശ്യപ്പെട്ടാൽ വൈദ്യസഹായം ലഭ്യമാക്കണം. തെളിവ‌് ശേഖരണത്തിനും ഗൂഢാലോചന തെളിയിക്കുന്നതിനും കൂടുതൽ പ്രതികളെ കണ്ടെത്താനും പ്രതികളെ കസ‌്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട‌്. 24ന‌് രാത്രി എട്ടോടെയാണ‌് സായുധരായ എസ‌്ഡിപിഐ–-ബിജെപി പ്രവർത്തകർ പരസ‌്പരം ഏറ്റുമുട്ടിയതും നന്ദുകൃഷ‌്ണ വെട്ടേറ്റ‌് മരിച്ചതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..