CinemaMollywoodLatest NewsNewsEntertainmentKollywood

ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ ആക്രമിക്കും, എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവർക്കെന്ത് അവകാശം?: മാളവിക മോഹൻ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി മാളവിക മോഹൻ അരങ്ങേറ്റം കുറിച്ചത്. രജനി കാന്ത് ചിത്രം പേട്ട, വിജയ് ചിത്രം മാസ്റ്റർ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ പ്രിയ നായികയായി തിളങ്ങി നില്‍ക്കുകയാണ് നടി. വിജയിയുടെ നായികയായി മാസ്റ്ററില്‍ മികച്ചപ്രകടനമാണ് നടി കാഴ്ച വെച്ചത്. ഇപ്പോള്‍, തന്റെ ആദ്യ ചിത്രമായ പട്ടം പോലെ പരാജയപ്പെട്ടത് വലിയ ആഘാതം ആയിരുന്നുവെന്നും, ആ സമയത്ത് വലിയ പരിഹാസമാണ് നേരിട്ടതെന്നും പറയുകയാണ് നടി. ബാക്കി പരാജയങ്ങള്‍ ‘പ്രൈവറ്റ്’ ആണെങ്കില്‍ സിനിമയിലേതു ‘പബ്ലിക്ക്’ ആണെന്നും അതു വലിയ അഘാതമുണ്ടാക്കുമെന്നും മാളവിക ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

‘പട്ടം പോലെ എന്ന ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയായിരുന്നു. ദുല്‍ഖറിന്റെ നായിക, ഞാന്‍ അച്ഛനെ പോലെ  ആദരിക്കുന്ന അഴകപ്പന്‍ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ ‘പട്ടം പോലെ’യിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി. പക്ഷേ, സിനിമ തിയറ്ററില്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തെയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയുകയേയില്ല’. നടി പറയുന്നു.

സിനിമയില്‍ നായിക ആകുമ്പോള്‍ ആവേശത്തോടെ ഒരുപാടു പേര്‍ ഒപ്പമുണ്ടാകുമെന്നും പക്ഷേ, പരാജയപ്പെടുമ്പോള്‍ എന്തു വേണമെന്ന് ആരും പറഞ്ഞു തരില്ലെന്നും, അത് അനുഭവിച്ച് അറിയണമെന്നും താരം കൂട്ടിച്ചേർത്തു. വേറെ ഏതു ജോലിയിലും കുഴപ്പങ്ങളുണ്ടായാല്‍ ചുരുക്കം പേരെ അറിയൂ. അതെല്ലാം ‘പ്രൈവറ്റ്’ പരാജയങ്ങളാണ്. പക്ഷേ, ഒരു സിനിമ വീണുപോയാല്‍ അതൊരു ‘പബ്ലിക്’ പരാജയം ആണ്. ഒരുപാടു പേര്‍ ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാക്കു മെന്നും മാളവിക പറയുന്നു.

പരാജയം സംഭവിച്ചപ്പോൾ സോഷ്യല്‍ മീഡിയയിലും വലിയ ആക്രമണം നടന്നു എന്ന് നടി പറയുന്നു. മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ടെന്നും, തന്റെ നിറത്തെക്കുറിച്ചും, ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തില്‍ തൊലി വച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമന്റുകള്‍ വന്നു.

എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം? ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങള്‍ മലയാളത്തില്‍ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ. പരാജയം എന്നെ കരുത്തുള്ള ഒരാളാക്കി മാറ്റി. അതിനുള്ള പരിശീലനമായിരുന്നു ആ സിനിമ എന്നു തോന്നുന്നു. ഇപ്പോള്‍ വിജയത്തെയും പരാജയത്തെയും നേരിടാന്‍ പഠിച്ചു, മാളവിക പറയുന്നു.

Related Articles

Post Your Comments


Back to top button