കൊച്ചി> പുനർനിർമിച്ച പാലാരിവട്ടം പാലം തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള ഭാരപരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ തുടങ്ങിയ പരിശോധന മാർച്ച് നാലുവരെ തുടരും. പരിശോധന വിജയിച്ചാൽ അഞ്ചിന് തന്നെ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തേക്കും.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഉണ്ടായേക്കില്ല.മുപ്പത്തിയഞ്ച് മീറ്ററിന്‍റെയും ഇരുപത്തിരണ്ടു മീറ്ററിന്‍റെയും ഓരോ സ്പാനുകളിലാണ് ഭാര പരിശോധന നടത്തുന്നത്. നാലിന് ലഭിക്കുന്ന റിപ്പോർട്ട് അനുകൂലമായാൽ തൊട്ടടുത്ത ദിവസം തന്നെ പാലം തുറന്ന് നൽകാനാണ് തീരുമാനം. ഭാരപരിശോധനക്കൊപ്പം തന്നെ ടാറിങ് ഉൾപ്പടെയുള്ള അവസാന മിനുക്ക് പണികളും നടക്കുന്നുണ്ട്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പീഡ് പദ്ധതിയിലുൾപ്പെടുത്തി 39 കോടി ഉപയോഗിച്ച് നിർമിച്ച പാലാരിവട്ടം പാലം രണ്ടരവർഷത്തിനുള്ളിൽ കേടുപാട് സംഭവിച്ച് ഗതാഗതയോഗ്യമല്ലാതെയായി. വിദഗ്ധ സമിതിയും മദ്രാസ് ഐഐടിയും നടത്തിയ പരിശോധനയിൽ പാലം പൊളിച്ചുകളയുകയല്ലാതെ മാർഗമില്ലെന്ന് കണ്ടെത്തി. ഇതിനിടെ പാലം നിർമാണത്തിനിടെയുണ്ടായ അഴിമതി അന്വേഷിക്കാൻ എൽഡിഎഫ് സർക്കാർ വിജിലൻസിനോട് ആവശ്യപ്പെട്ടു.
കേസിൽ പാലം നിർമാണ കരാറുകാരനുൾപ്പെടെ പ്രതികളായി. അഞ്ചാം പ്രതി മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണ്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ ആറുമാസംമുമ്പ് പാലത്തിന്റെ പുനർനിർമാണം തുടങ്ങി. ഡിഎംആർസിയുടെ നേതൃത്വത്തിൽ ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം പുനർനിർമിക്കുന്നത്. 22 കോടി രൂപയോളം നിർമാണത്തിന് ചെലവായി. ഈ തുക കരാറുകാരനിൽനിന്ന് ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് സംസ്ഥാന സർക്കാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..