28 February Sunday

വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ 
രാത്രി ഏഴുവരെ ; പ്രവാസികൾക്ക്‌ ഇക്കുറിയും 
തപാൽ വോട്ടില്ല

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തിയ 298 നക്‌സൽബാധിത ബൂത്തിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. 549 ക്രിട്ടിക്കൽ ലൊക്കേഷൻ ബൂത്തും 433 വൾനറബിൾ ബൂത്തുമുണ്ട്. ഇവിടെ പോളിങ്‌ സ്‌റ്റേഷൻ വളപ്പിനുള്ളിൽ കേന്ദ്രസേനയെയാണ് നിയോഗിക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിങ്‌ ഓഫീസർമാർ പ്രത്യേകം സൂക്ഷിക്കണം. എല്ലാ  ബൂത്തിലും വോട്ടർമാരുടെ താപനില പരിശോധിക്കും. താപനില കൂടുതലുള്ളവരെ മാറ്റിനിർത്തി ഒരു മണിക്കൂറിനുശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും കൂടുതലാണെങ്കിൽ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. വോട്ടർമാർ തിരിച്ചറിയുന്നതിനായി മാസ്‌ക് താഴ്‌ത്തിക്കാണിക്കണം. സ്ത്രീകൾ, പുരുഷൻമാർ, മുതിർന്നപൗരൻമാർ,  ഭിന്നശേഷിക്കാർ എന്നിവർക്കായി വരി ഉണ്ടാകും.  ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ പാസ് നൽകും.

50 ശതമാനം ബൂത്തിലും വെബ്കാസ്റ്റിങ്‌ ഏർപ്പെടുത്തും.  150 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടു. ഇതിൽ 30 കമ്പനി സേന കേരളത്തിലെത്തി. പ്രശ്നബാധിത ബൂത്തിൽ കേന്ദ്രസേനയെ നിയോഗിക്കും. പൊലീസിന്‌ ബൂത്തിനു പുറത്താകും ചുമതല. മറ്റ്‌ ബൂത്തുകളിൽ ഇടകലർന്നായിരിക്കും ഡ്യൂട്ടി.

കാഴ്‌ചപരിമിതർക്കായി ബ്രെയിൽ സ്ലിപ്പ്‌ വിതരണംചെയ്യും. ഫോട്ടോ ഒഴിവാക്കിയ വോട്ടർ സ്ലിപ്പാകും വിതരണം ചെയ്യുക. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വോട്ടർ ഗൈഡും വിതരണം ചെയ്യും. അനധികൃത ഹോർഡിങ്, ബോർഡ്‌, പോസ്റ്റർ എന്നിവ നീക്കാൻ പ്രത്യേക സ്‌ക്വാഡിനെ ഏർപ്പെടുത്താൻ കലക്ടർമാർക്ക് നിർദേശം നൽകി.

പ്രവാസികൾക്ക്‌ ഇക്കുറിയും 
തപാൽ വോട്ടില്ല
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക്‌ തപാൽവോട്ട്‌ സൗകര്യം ലഭിക്കില്ലെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സുനിൽ അറോറ പറഞ്ഞു. ഇക്കാര്യത്തിൽ പങ്ക്‌ വഹിക്കേണ്ട എല്ലാവരുമായും വിശദമായ ആശയവിനിമയം ഇനിയും നടക്കേണ്ടതുണ്ട്‌–-അദ്ദേഹം പറഞ്ഞു.

അഞ്ച്‌ നിയമസഭയിലേ‌ക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ തപാൽ വോട്ട്‌ സംവിധാനം ഒരുക്കാൻ സാങ്കേതികമായി സജ്ജമാണെന്ന്‌ കമീഷൻ മുമ്പ്‌ പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top