ബിജെപി ബന്ധത്തിലേക്കാണ് മുസ്ലിംലീഗ് പോകുന്നതെന്ന സൂചന നേരത്തേ അവർ നൽകിയെന്ന് മന്ത്രി കെ ടി ജലീൽ. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ലീഗിനെ ആവർത്തിച്ച് ക്ഷണിച്ചുകൊണ്ടിരിക്കുന്നതിന്റെ പിന്നിലുള്ളതും ഈ തയ്യാറെടുപ്പുതന്നെ. തങ്ങളുടെ മുഖ്യശത്രു സിപിഐ എം ആണെന്ന് നേരത്തേ കുഞ്ഞാലിക്കുട്ടി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് സുപ്രധാന അവസരങ്ങളിലൊക്കെ ലീഗ് എംപി മാർ പാർലമെന്റിൽനിന്ന് മുങ്ങി. വെങ്കയ്യനായിഡു ഉപരാഷ്‌ട്രപതിയായി മത്സരിച്ചപ്പോൾ എതിരായി വോട്ട്‌ചെയ്യാൻ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്‌ബഷീറും തയ്യാറായില്ല. ഫ്‌ളൈറ്റ് കിട്ടിയില്ല എന്നായിരുന്നു കാരണം പറഞ്ഞത്. എന്നാലിന്ന് അതല്ല കാര്യമെന്ന് ബോധ്യപ്പെടുന്നു.
മുത്തലാഖ് ബില്ലിന്റെ ചർച്ച നടക്കുമ്പോൾ ബിജെപിയെ എതിർക്കാൻ തക്കതായ അവസരമുണ്ടായിട്ടും അതിനു മുതിരാതെ മലപ്പുറത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് വഴി ലീഗിനെ വരുതിക്ക് നിർത്താനാണ് ബിജെപിയുടെ മറ്റൊരു ശ്രമം. ചില എംപി മാരെ ഇഡി ചോദ്യം ചെയ്തുകഴിഞ്ഞു. വിവിധ കച്ചവട താൽപ്പര്യമുള്ളവരാണ് ലീഗുകാരെന്ന് ബിജെപിക്ക് അറിയാവുന്നതുകൊണ്ടാണ് ഇഡി വഴിയുള്ള നീക്കം. ബിജെപിക്കെതിരെ ഒരു പ്രസ്താവനപോലും ലീഗ് നേതാക്കൾ ഉയർത്താറില്ല.
ബിജെപി‐ലീഗ് ബാന്ധവം യാഥാർഥ്യമാകുമെന്നു തന്നെയാണ് ഇരു കൂട്ടരുടെയും നീക്കങ്ങൾ ബോധ്യപ്പെടുത്തുന്നത്. ബാന്ധവത്തിന് തടസ്സമില്ലെന്നതിന് ബിജെപി നേതാക്കൾ നൽകുന്ന ഉദാഹരണം കശ്‌മീരിൽ മഹബൂബ മുഫ്‌തിയുടെ പാർടിയുമായുള്ള സഖ്യമാണെന്നും കൈരളി ചാനലിനോട് പ്രതികരിക്കവെ ജലീൽ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..