അബുദാബി > പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനേയും ദേശീയ ട്രഷറർ പി വി അബുദുൾ വഹാബിനെയും മത്സരിപ്പിക്കരുതെന്ന് കെഎംസിസി അബുദാബി ഘടകം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് എഴുതിയ കത്തിലൂടെയാണ് പാർട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചത്. കെഎംസിസി അബുദാബി പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങൽ ആക്‌ടിംഗ് ജനറൽ സെക്രട്ടറി എഞ്ചിനീയർ സി. സമീർ എന്നിവർ എഴുതിയ കത്താണ് പുറത്തായത്.
കെ.പി.എ. മജീദും പി വി അബ്ദുൽ വഹാബും സ്ഥാനാര്‍ഥികള്‍ ആവുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് ഇങ്ങിനെയൊരു കത്ത് പാർട്ടിക്ക് അയച്ചതെന്നത് പാർട്ടിക്കകത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നതിന്റെ സൂചനയാണ്.
ഇവർ രണ്ടുപേരും സ്ഥാനാര്‍ഥികളാവേണ്ട അനിവാര്യത ഇപ്പോള്‍ പാര്‍ട്ടിക്കോ മുന്നണിക്കോ ഇല്ല എന്ന് സൂചിപ്പിച്ച കത്തിൽ പാര്‍ട്ടി പദവിയില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ മത്സരിക്കരുതെന്ന കാരണമാണ് പ്രധാനമായും കെഎംസിസി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ മാനദണ്ഡം പി. കെ. കുഞ്ഞാലിക്കുട്ടിക്ക് ബാധകമല്ല എന്നത് പാർട്ടിക്കകത്ത് ശക്തിപ്പെടാൻ സാധ്യതയുള്ള പാർട്ടിക്കകത്തെ മുജാഹിദ് വിഭാഗത്തോടുള്ള എതിർപ്പിന്റെ സൂചനകൂടിയാണ്. ഇത് ജമാഅത്ത് ഇസ്‌ലാമിയെ തൃപ്തിപ്പെടുത്താനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകൾ വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പ് ഗോദയില്‍ എന്‍ജിനീയറിംഗിന് നായകരില്ലാത്ത അവസ്ഥ വരുമെന്നും കെ എം സി സി മുന്നറിയിപ്പ് നല്‍കി. പൊതുവെ പാർട്ടി പദവിയെക്കാളും പാർലമെന്ററി പദവികൾക്ക് താത്പര്യം വർദ്ധിക്കുന്ന സാഹചര്യം മുസ്ലിം ലീഗിൽ ഉണ്ടെന്നും, അതുകൊണ്ട് പാർട്ടിയിലും മുന്നണിയിലും സ്വാധീനങ്ങള്‍ ഉപയോഗപ്പെടുത്തി സീറ്റ് ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും കത്തില്‍ കെഎംസിസി മുന്നറിയിപ്പ് നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..