ഇടുക്കി
ഇടുക്കിയിലെ കൃഷിക്കാരുടെ ഉപാധിരഹിത പട്ടയമെന്ന ദീർഘകാല ആവശ്യം അംഗീകരിച്ച് 1964ലെ ഭൂപതിവ് ചട്ടം ഭേദഗതിചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൈവശാവകാശ രേഖയുള്ള ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാനപരിധിയും ഉപാധികളുമൊഴിവാക്കിയത് ഈ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയിൽ വ്യാഴാഴ്‌ച ഇടുക്കി പാക്കേജ് പ്രഖ്യാപനവേളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ സൗജന്യമായി നൽകിയ ഭൂമിയും ലക്ഷംവീട് പട്ടയങ്ങളും കൈമാറ്റംചെയ്യാവുന്ന കാലാവധി 25 വർഷമായിരുന്നു. ഭൂ ഉടമയ്‌ക്ക് സ്ഥലം കൈമാറ്റംചെയ്യാനുള്ള കാലാവധി 12 വർഷമാക്കി. കൈവശരേഖയുള്ള ഭൂ ഉടമകൾക്ക് ഈടുവച്ച് വായ്‌പയെടുക്കാൻ അനുമതി നൽകി. കൃഷിക്കാരുടെ, ചന്ദനം ഒഴികെയുള്ള മരങ്ങൾക്ക് അവകാശം നൽകുകയും പട്ടയം ലഭിച്ച ഭൂമികൾ വനംവകുപ്പിന്റെ വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കുകയുംചെയ്‌തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി പദ്ധതിപ്രദേശത്ത് കാലങ്ങളായി താമസിക്കുന്നവർക്കും പട്ടയം വിതരണം ചെയ്യാൻ പ്രത്യേക ഉത്തരവിറക്കി. പെരിഞ്ചാംകുട്ടിയിലെ ആദിവാസികളുടെ ദീർഘകാല ഭൂപ്രശ്‌നത്തിന് പരിഹാരംകണ്ടു. അനധികൃത നിർമാണങ്ങൾക്ക് കടിഞ്ഞാണിട്ടു. നീലക്കുറിഞ്ഞി മലകളുടെ സംരക്ഷണത്തിന് നടപടിയെടുത്തു. മൂന്നാറിൽ ഗൃഹനിർമാണത്തിന് എൻഒസി നൽകാൻ തഹസിൽദാരെ ചുമതലപ്പെടുത്തി.
1977ന് മുമ്പ് വനഭൂമി കൈവശംവച്ചത് പതിച്ചുകൊടുക്കാൻ റവന്യു, വനം വകുപ്പുകൾ പരിശോധിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ച ഭൂമിക്ക് റിപ്പോർട്ട് ലഭ്യമല്ലെങ്കിൽപോലും പട്ടയം നൽകാൻ ഉത്തരവിറക്കി. പട്ടയം ലഭിക്കാത്ത കൈവശഭൂമിയുള്ള കൃഷിക്കാർക്ക് വായ്‌പയടക്കമുള്ള ആനുകൂല്യങ്ങൾക്ക് സഹകരണമേഖല വഴി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..