KeralaLatest NewsNewsCrime

26 കാരിയെ പീഡിപ്പിച്ച കണ്ടക്​ടർമാർ അറസ്റ്റിൽ

തളിപ്പറമ്പ്: പയ്യോളിയില്‍ നിന്ന് വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26 കാരിയെ പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച രണ്ട് ബസ് കണ്ടക്ടര്‍മാരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരെയാണ്​ പോലീസ് കസ്റ്റഡിയിലെടുത്തത്​.

പയ്യോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വീടുവിട്ടിറങ്ങിയ യുവതി ബുധനാഴ്ച സന്ധ്യയോടെയാണ് കണ്ണൂര്‍ ബസ്റ്റാൻഡിലെത്തിയത്. സഹായ വാഗ്ദാനവുമായി എത്തിയ ബസ് കണ്ടക്ടർമാരായ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണത്രെ പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ എത്തിച്ചത്. അവിടെ വെച്ച് യുവതിയെ പീഡിപ്പിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളുടെ പരാതിയിൽ പയ്യോളി പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസിൽ വിവരം നൽകുകയുണ്ടായി. തുടർന്നാണ് പ്രതികളെ പറശ്ശിനിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.

വിവരമറിഞ്ഞെത്തിയ പയ്യോളി പൊലീസിന് യുവതിയെയും കണ്ടക്ടര്‍മാരെയും കൈമാറി. തളിപ്പറമ്പ് എസ്.ഐ എ.കെ. സജീഷിന്‍റെ നേതൃത്വത്തിലാണ്​ പ്രതികളെ പിടികൂടിയത്.

Related Articles

Post Your Comments


Back to top button