26 February Friday

ഇടുക്കിക്ക്‌ 
12,000 കോടി ; മുന്തിയ പരിഗണന കാർഷിക മേഖലയ്‌ക്ക്

പ്രത്യേക ലേഖകൻUpdated: Friday Feb 26, 2021

 

ഇടുക്കി
ജില്ലയുടെ സമഗ്ര വികസനവും സമ്പദ്‌സമൃദ്ധിയും ലക്ഷ്യമിട്ട്‌ 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രൂക്ഷമായ കാർഷിക തകർച്ചയും ബദൽ തൊഴിലുകളുടെ അഭാവവും പാരിസ്ഥിതിക ഇടർച്ചയും മൂലം രണ്ട്‌ ദശാബ്ദമായി പ്രതിസന്ധിയിലായ ജില്ലയിൽ അഞ്ചുവർഷംകൊണ്ട്‌ നടപ്പാക്കേണ്ട പാക്കേജ്‌ സർക്കാർ പ്രഖ്യാപിച്ചത്‌. വിവിധ വകുപ്പുകൾക്കായി ജില്ലയിൽ പ്രതിവർഷം അനുവദിച്ചിരുന്ന 250–- 300 കോടി രൂപ, പാക്കേജിലൂടെ 1000 കോടിയായി ഉയരുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മുന്തിയ പരിഗണന കാർഷിക മേഖലയ്‌ക്കാണ്;‌ 3260 കോടി രൂപയാണ്‌ അടങ്കൽ. ടൂറിസത്തിന്‌ 750 കോടി വകയിരുത്തി. വൈദ്യുതി ബോർഡിന്‌ 1760 കോടി ചെലവഴിക്കും. ഇതിൽ പകുതിയിലേറെ ജില്ലയിലെ വൈദ്യുതി പ്രസരണ–- വിതരണ ശേഷി മെച്ചപ്പെടുത്താനാണ്.

സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും
ഇടുക്കി പാക്കേജ്‌ ഫലപ്രദമായി വിനിയോഗിക്കാൻ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും. കൃഷിയുടെയും മൃഗപരിപാലനത്തിന്റെയും ഉൽപ്പാദനക്ഷമത ഉയർത്തുക, മൂല്യവർധിത സംസ്കരണ വ്യവസായം പ്രോത്സാഹിപ്പിക്കുക, ടൂറിസം വികസിപ്പിക്കുക, ഭൗതിക സാമൂഹ്യ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, പരിസ്ഥിതി സന്തുലനം പുനഃസ്ഥാപിക്കുക എന്നീ ആറുതൂണിലാണ്‌ പാക്കേജ്‌ ഉയർത്തിയിട്ടുള്ളതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
കട്ടപ്പനയിൽ ചേർന്ന യോഗത്തിൽ മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ അധ്യക്ഷനായി. മന്ത്രി എം എം മണി മുഖ്യപ്രഭാഷണം നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top