കോഴിക്കോട്
റെയിൽവേയിൽ നിയമനമില്ലാതെ മൂന്നുലക്ഷത്തോളം ഒഴിവ്. നോൺ ഗസറ്റഡ് വിഭാഗത്തിൽ 2020 ഏപ്രിൽ ഒന്നുവരെയുള്ള ഔദ്യോഗിക കണക്കാണിത്. സുരക്ഷാ വിഭാഗങ്ങളിലടക്കമാണ് ഇത്രയധികം ഒഴിവുകളെന്ന് ഫെബ്രുവരി അഞ്ചിന് രാജ്യസഭയിൽ വച്ച കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ സർവീസിൽ ഒഴിവുകൾ യഥാസമയം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌ത് നിയമനം സമയബന്ധിതമായി നടത്തുമ്പോഴാണ് റെയിൽവേയിലെ ദുരവസ്ഥ.
2020 ഏപ്രിൽ ഒന്നുവരെ 2,78,206 ഒഴിവ് നികത്തിയിട്ടില്ല. ഉത്തര റെയിൽവേയിൽ മാത്രം 40,000ത്തിനടുത്ത് ഒഴിവുണ്ട്. ദക്ഷിണ റെയിൽവേയിൽ 19,199ഉം. 2016ൽ 2,17,369 ഒഴിവുണ്ടായിരുന്നതാണ് ഇപ്പോൾ മൂന്ന് ലക്ഷത്തിനടുത്തെത്തിയത്. 2020 ഏപ്രിലിനുശേഷം വിരമിച്ചവരുടെയും ഗസറ്റഡ് തസ്തികകളുടെയും കണക്കെടുത്താൽ ഇത് വീണ്ടും കൂടും.
ജൂലൈമുതൽ റെയിൽവേയിൽ സമ്പൂർണ നിയമന നിരോധനമാണ്. റിപ്പോർട്ട് ചെയ്‌ത തസ്‌തികകൾ വെട്ടിക്കുറയ്ക്കുന്നു. സ്ഥിരം തസ്തികകൾ മരവിപ്പിച്ച് തുഛവേതനത്തിന് കരാർ നിയമനം നടത്തുന്നു. കോവിഡിന്റെ മറവിൽ അതും നിർത്തി.
സ്‌റ്റേഷൻ മാസ്‌റ്റർ, ഗാർഡ് തുടങ്ങി സുരക്ഷാ വിഭാഗങ്ങളിലെ ഒഴിവുകൾ പോലും നികത്തുന്നില്ല. ഒരുലക്ഷത്തിലധികം ഒഴിവ് നികത്താൻ നടപടിയെടുക്കുമെന്നാണ് റെയിൽവേ റിപ്പോർട്ടിലുള്ളത്. നിയമന നിരോധനം നിലനിൽക്കുന്നതിനാൽ അടുത്തൊന്നും നടപടിയുണ്ടാകില്ല.
അപേക്ഷ ക്ഷണിച്ച് നിയമന നടപടി പൂർത്തീകരിക്കാൻ ചുരുങ്ങിയത് രണ്ടുവർഷമെടുക്കും. അപ്പോഴേക്കും ഒഴിവുകൾ വീണ്ടും പഴയപടിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..