24 February Wednesday

പിണറായി ഉന്നതവിദ്യാഭ്യാസ ഹബ്ബ്‌ : ഭൂമി ഏറ്റെടുക്കലും 
വിലനിർണയവും ചട്ടപ്രകാരം

പ്രത്യേക ലേഖകൻUpdated: Wednesday Feb 24, 2021


കണ്ണൂർ
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധർമടം മണ്ഡലത്തിലെ സ്വപ്‌ന പദ്ധതിയാണ്‌ ഉന്നത വിദ്യാഭ്യാസ ഹബ്ബ്‌. റസിഡൻഷ്യൽ ഐഎഎസ്‌ അക്കാദമി, ഐഎച്ച്‌ആർഡി കോളേജ്‌, ഹോട്ടൽ മാനേജ്‌മെന്റ്‌ കോളേജ്‌, ഐടിഐ, പോളിടെക്‌നിക്‌‌ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ട ബൃഹദ്‌പദ്ധതിയാണിത്‌. ഇതിനൊപ്പം ഒന്നരയേക്കറിൽ ‌ജൈവവൈവിധ്യ പാർക്കും വിഭാവനം ചെയ്യുന്നു. പദ്ധതിക്ക്‌ അനുയോജ്യമായ ഭൂമി കണ്ടെത്തിയ ശേഷം റവന്യു ഉദ്യോഗസ്ഥരാണ്‌ വില നിർണയിച്ചത്‌.  നിയമപരമായാണ്‌ വിലനിർണയമെന്ന്‌  കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു.

തലശേരി താലൂക്കിലെ പിണറായി വില്ലേജിൽ റീസർവേ നമ്പർ  2/1,  4/1,  4/2ൽപ്പെട്ട 13.16 ഏക്കർ ഭൂമിയാണ്‌ പദ്ധതിക്കായി പൊന്നുംവില നിയമപ്രകാരം ഏറ്റെടുക്കുന്നത്‌. 2018 ജൂൺ ആറിനാണ്‌ പദ്ധതിക്ക്‌ സർക്കാർ ഭരണാനുമതി നൽകിയത്‌. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കിൻഫ്രയെ നിയോഗിച്ചു. തലശേരി സ്‌പെഷ്യൽ തഹസിൽദാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിജ്ഞാപനം  പുറപ്പെടുവിച്ചു.

പൊന്നുംവില നിയമപ്രകാരം നിശ്‌ചിത ഭൂമിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ മൂന്നുവർഷത്തിനിടെ നടന്ന ഭൂമി കൈമാറ്റ ആധാരങ്ങൾ പരിശോധിക്കണം. ഏറ്റെടുക്കുന്ന ഭൂമിക്കുസമാനമായ ആറ്‌ ആധാരങ്ങളിൽ ‌ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയ മൂന്നെണ്ണത്തിന്റെ ശരാശരി കണക്കാക്കിയാണ്‌ അടിസ്ഥാന വില നിർണയിക്കുക. ഇവിടെയും ഇതേ രീതിയാണ്‌ അവലംബിച്ചത്‌. ഇതനുസരിച്ച്‌ സെന്റിന്‌ 1,07,175 രൂപയാണ്‌ കലക്ടർ നിശ്‌ചയിച്ച അടിസ്ഥാന വില.

ഈ ഭൂമിയുടെ വാണിജ്യപ്രാധാന്യവും റോഡ്‌ സാമീപ്യവും പട്ടണത്തിൽനിന്നുള്ള ദൂരവും കണക്കിലെടുത്താൽ അടിസ്ഥാന വില അധികമാണെന്ന്‌ ആർക്കും പറയാനാവില്ല. അടിസ്ഥാന ഭൂമി വിലയും അതിലുള്ള ഉഭയങ്ങളുടെ വിലയും  ഈ തുകയുടെ നൂറുശതമാനം സമാശ്വാസധനവും (സൊലേഷ്യം) ചേർത്ത്‌ 37.29 കോടി രൂപ  വില കണക്കാക്കി. നിശ്‌ചിത തിയതിമുതൽ 12 ശതമാനം പലിശയും ചേർത്ത്‌‌ ഭൂവുടമയ്‌ക്ക്‌ 40.51 കോടി രൂപ നൽകണം.

ആദ്യഘട്ടത്തിലാണ്‌‌ ഭൂമി ഏറ്റെടുക്കലിനായി 100 കോടി രൂപ ആവശ്യമായി വരുമെന്ന്‌ കിൻഫ്ര കണക്കാക്കിയത്‌. എന്നാൽ കൃത്യമായ ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ  കലക്ടർ വില നിർണയിച്ചുകഴിഞ്ഞാൽ ആദ്യം പറഞ്ഞ ഏകദേശ കണക്കുകൾക്കു പ്രസക്തിയില്ല. ഭൂമിയുടെ ഉടമ ആരെന്നു നോക്കിയല്ല, നിയമാനുസരണം മാത്രമേ റവന്യൂ ഉദ്യോഗസ്ഥർക്കു വില നിശ്‌ചയിക്കാൻ കഴിയൂ. ഇവിടെ ഭൂവുടമ ഏറ്റെടുക്കലിനുതന്നെ എതിരായിരുന്നു. ഏറ്റെടുക്കൽ ഒഴിവായിക്കിട്ടാൻ കോടതിയെയും സമീപിച്ചു. ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ ചട്ടപ്രകാരം നിശ്‌ചയിക്കുന്ന വില കോടതിയിൽ കെട്ടവയ്ക്കാമെന്ന ഉറപ്പിലാണ്‌ ഒടുവിൽ വഴങ്ങിയത്‌. അതിനാൽ വിവാദ വ്യക്തിയുടെ ഭൂമി സർക്കാർ വൻ വില നൽകി ഏറ്റെടുക്കുന്നുവെന്ന ആക്ഷേപത്തിനും അടിസ്ഥാനമില്ല.   ‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top