കൊല്ലം > അഞ്ചൽ ഹെൽത്ത് ബ്ലോക്കിലെ 33 ആരോഗ്യസ്ഥാപനങ്ങൾ ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ആധുനികവൽക്കരിക്കും. 28 സബ് സെന്ററുകൾ, നാല് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ഒരു സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ വിപുലമായ സൗകര്യമൊരുക്കുന്നത്. ഇതുസംബന്ധിച്ച എംഒയു ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയും റസൂൽ പൂക്കുട്ടിയും ഒപ്പുവച്ചു.
ഇതുപോലെ ആരോഗ്യ സ്ഥാപനങ്ങളെ ആധുനികമാക്കാൻ പ്രമുഖർ മുന്നോട്ടുവരുന്നത് മാതൃകയാണെന്ന് കെ കെ ശൈലജ പറഞ്ഞു. ഗ്രാമീണതലത്തിലെ ആശുപത്രികളിൽ ആധുനിക സൗകര്യങ്ങൾ വരുന്നത് ജനങ്ങൾക്ക് ഏറെ ഗുണകരമാണ്. കേരള ജനത നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
ഈ ആരോഗ്യ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും നാട്ടുകാർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യ പരിപാലന സംവിധാനവും ഗ്രാമീണ മേഖലയിലെ ദരിദ്രരായ കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യവും ഒരുക്കും. നേരത്തെ പ്രമേഹം കണ്ടുപിടിച്ച് ചികിത്സിച്ചിരുന്നെങ്കിൽ 63–--ാം വയസ്സിൽ എന്റെ അമ്മയെ നഷ്ടമാകില്ലായിരുന്നു. ആ വേദനയാണ് എന്റെ ഗ്രാമത്തിൽ ഇത്തരമൊരു പദ്ധതിക്ക് പ്രേരണയായത്. സർക്കാർ വിദ്യാലയങ്ങളിലാണ് പഠിച്ചത്. പത്താം വയസ്സിൽ മരണക്കയത്തിൽനിന്നു രക്ഷിച്ചത് തിരുവനന്തപുരം ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലെ ഡോക്ടർമാരാണ്. അതുകൊണ്ടുതന്നെ സർക്കാർ സ്ഥാപനങ്ങൾ ശക്തിപ്പെടണമെന്ന ആഗ്രഹം എന്നുമുണ്ടെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. അഞ്ചൽ വിളക്കുവെട്ടത്താണ് റസൂൽ പൂക്കുട്ടിയുടെ കുടുംബവീട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..