ന്യൂഡൽഹി > സർക്കാർ സംബന്ധമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനു സ്വകാര്യബാങ്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസർക്കാർ നീക്കി. നികുതികൾ, പെൻഷൻ വിതരണം, ചെറുകിട സമ്പാദ്യപദ്ധതികൾ, സർക്കാർ ഏജൻസി ബിസിനസ് എന്നിവയുടെ ഇടപാടുകൾ ഇനി എല്ലാ സ്വകാര്യബാങ്കുകൾ വഴിയും നടത്താം. ഇതുവരെ ചുരുക്കം സ്വകാര്യബാങ്കുകൾക്കാണ് ഇതിനുള്ള അനുമതി ഉണ്ടായിരുന്നത്.
സ്വകാര്യബാങ്കുകൾ കൈവരിച്ച സാങ്കേതിക വളർച്ച കണക്കിലെടുത്തും മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് ഈ തീരുമാനമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു. തീരുമാനം റിസർവ് ബാങ്കിനെ അറിയിച്ചു. സർക്കാരിന്റെ സാമ്പത്തിക, സാമൂഹിക അജണ്ടയിൽ സ്വകാര്യബാങ്കുകൾ തുല്യപങ്കാളികളായി മാറിയന്ന് ധനകാര്യ സേവനവകുപ്പ് ട്വീറ്റ് ചെയ്‌തു. സ്വകാര്യബാങ്ക് മേധാവികൾ സർക്കാർ തീരുമാനത്തെ ആവേശപൂർവം സ്വാഗതം ചെയ്‌തു. കോർപറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസ് നൽകാനും പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനും സർക്കാർ തയ്യാറെടുക്കുന്ന പശ്‌ചാത്തലത്തിലാണ് ഈ തീരുമാനം.