തിരുവനന്തപുരം
കെഎസ്‌ആർടിസിയിൽ ബിഎംഎസ്, ഐഎൻടിയുസി സംഘടനകൾ ആഹ്വാനം ചെയ്‌ത പണിമുടക്കിൽ ജീവനക്കാർക്കുനേരെ അക്രമം. വിവിധ ഡിപ്പോകളിൽ ജോലിക്കെത്തിയ ജീവനക്കാരെയാണ് ഐഎൻടിയുസി–-ബിഎംഎസ് പ്രവർത്തകർ മർദിച്ചത്. പലയിടത്തും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പണിമുടക്കാഹ്വാനം തള്ളി ജോലിക്കെത്തിയവരെ പുറത്തുനിന്നെത്തിയ ആർഎസ്എസ്–- ബിഎംഎസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയത് പലയിത്തും സംഘർഷാവസ്ഥ സൃഷ്ടിച്ചു.
അങ്കമാലിയിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാരെ വിശ്രമമുറിയിൽ കയറി ഭീഷണിപ്പെടുത്തി. ഇത് അന്വേഷിക്കാനെത്തിയ കെഎസ്‌ആർടിഇഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ടി രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രാജേഷ്, യൂണിറ്റ് പ്രസിഡന്റ് കെ കെ പ്രദീപ് എന്നിവർക്ക് മർദനമേറ്റു. ആലുവയിൽ വനിതാ ജീവനക്കാരിയെ അസഭ്യം വിളിച്ചതിനെ ചോദ്യം ചെയ്തതിന് അസോസിയേഷൻ എറണാകുളം ജില്ലാ ട്രഷറർ പി കെ ജുബിനും മർദനമേറ്റു. സർവീസുമായെത്തിയ അശോക് കുമാർ എന്ന ജീവനക്കാരനുനേരെയും കൈയേറ്റശ്രമം നടന്നു. താമരശ്ശേരിയിൽ വി സന്തോഷ്‌കുമാറിനെ സമരാനുകൂലികൾ മർദിച്ചു. പാലക്കാട്ട് ബിഎംഎസ് സംഘടിപ്പിച്ച ഡിപ്പോ ഉപരോധത്തിന് പുറത്തുനിന്നുള്ള സ്വകാര്യ ബസ് ലോബിയുടെ പിന്തുണയുമുണ്ടായി.
കേവല രാഷ്ട്രീയ നേട്ടങ്ങൾക്കായി വ്യവസായ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബിഎംഎസ്–-ഐഎൻടിയുസി ശ്രമം അംഗീകരിക്കാനാകില്ലെന്ന് കെഎസ്‌ആർടിഇഎ സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. ജീവനക്കാരെ മർദിച്ചവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ മാനേജ്മെന്റ് തയ്യാറാകണം. പണിമുടക്കിന്റെ മറവിൽ സംസ്ഥാന വ്യാപകമായി നടന്ന ഗുണ്ടാവിളയാട്ടത്തിൽ ശക്തമായി പ്രതിഷേധിക്കണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..