അക്ര
കോവിഡ് പ്രതിരോധത്തിന് യുഎന്നിന്റെ ‘കോവാക്സ്’ വാക്സിനുകളുടെ വിതരണം തുടങ്ങി. ആദ്യഘട്ടമായി ആഫ്രിക്കൻ രാജ്യമായ ഘാനയിലാണ് വാക്സിൻ എത്തിച്ചത്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ആസ്‌ട്ര സെനെക്ക വാക്സിനായ കോവിഷീൽഡിന്റെ ആറുലക്ഷം ഡോസാണ് എത്തിച്ചത്. കോവിഡ് വാക്സിൻ ദരിദ്രരാജ്യങ്ങൾക്കടക്കം നീതിപൂർവം വിതരണം ചെയ്യാനുള്ള യുഎൻ സംരംഭത്തിൽ 92 രാജ്യങ്ങൾ ഭാഗമായിട്ടുണ്ട്. ഇതിൽ 85ഉം സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവയാണ്.
പുണെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഉൽപ്പാദിപ്പിച്ച വാക്സിൻ മുംബൈ വിമാനത്താവളം വഴിയാണ് ഘാനയ്‌ക്ക് അയച്ചത്. ബുധനാഴ്ച ഉച്ചയോടെ അക്രയിലെ കൊടോകോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇതുവരെ 81,245 കോവിഡ് കേസുകളും 584 മരണവും സ്ഥിരീകരിച്ച ഘാനയിൽ മാർച്ച് രണ്ടിന് വാക്സിൻ വിതരണം ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, 60 വയസ്സിന് മുകളിലുള്ളവർ, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ, മുന്നണി പോരാളികൾ, ജനപ്രതിനിധികൾ, നിയമജ്ഞർ എന്ന ക്രമത്തിലാണ് ആദ്യഘട്ട വാക്സിനേഷൻ ക്യാമ്പെയിൻ.
മറ്റൊരു ആഫ്രിക്കൻ രാജ്യമായ കോട് ഡി വോറിന്(ഐവറി കോസ്‌റ്റ്) അടുത്തയാഴ്ച വാക്സിൻ ലഭ്യമാക്കുമെന്ന് യുണിസെഫ് ഇന്ത്യ പ്രതിനിധി യാസ്മിൻ അലി ഹേഖ് പറഞ്ഞു. വർഷാവസാനത്തോടെ 100 രാജ്യത്തിലായി 200 കോടി ഡോസ് വാക്സിൻ ലഭ്യമാക്കാനാണ് യുഎൻ ലക്ഷ്യമിടുന്നത്. 100 കോടി സിറിഞ്ചും ലഭ്യമാക്കും. മാർച്ചോടെ എട്ടുകോടി ഡോസിന്റെ വിതരണം പൂർത്തിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..