കരിമണ്ണൂർ> സ്വന്തം കൊടിമരങ്ങൾ പിഴുതുമാറ്റേണ്ട ഗതികേടിലാണ‌് കേരള കോൺഗ്രസ‌് ജോസഫ‌് വിഭാഗം. ചിഹ്നവും പേരും സംബന്ധിച്ച കോടതി വിധി വന്നതോടെയാണ‌് ജോസഫ‌് വിഭാഗം തങ്ങൾ ഉയർത്തിയ കൊടിമരങ്ങൾ രായ‌്ക്കുരാമാനം പിഴുതുമാറ്റിയത‌്.
ജോസഫ‌് ഗ്രൂപ്പ‌് കോരള കോൺഗ്രസ‌് മാണി വിഭാഗത്തിൽ ഏകപക്ഷീയമായി ലയിച്ചപ്പോൾ മാണിവിഭാഗത്തിന്റെ ചിഹ്നവും പേരും സ്വീകരിക്കേണ്ടിവന്നു. ജോസഫിന‌് മുൻതൂക്കമുള്ള പഞ്ചായത്തുകളിലും മണ്ഡലം കമ്മിറ്റി ഓഫീസുകളിലുമെല്ലാം രണ്ടിലയും കെസിഎം എന്ന് ആലേഖനം ചെയ‌്ത കൊടികളുമാണ് ഉയർത്തിയിരുന്നത‌്.
എന്നാൽ, രണ്ടില ചിഹ്നവും കെസിഎം എന്ന പേരും ഉപയോഗിക്കാനുള്ള അവകാശം കോടതി ജോസ‌് വിഭാഗത്തിനാണ‌് നൽകിയത‌്. ഇതോടെ രണ്ടില ചിഹ്നം ആലേഖനം ചെയ‌്ത കൊടിമരങ്ങൾ കഴിഞ്ഞ രാത്രി ജോസഫ‌് ഗ്രൂപ്പുകാർ പിഴുതുമാറ്റുകയായിരുന്നു. രണ്ടിലയുള്ള കൊടിമരങ്ങൾ നിന്നാൽ അവകാശവാദവുമായി ജോസ‌് വിഭാഗം എത്തുമെന്നതിനാലാണ‌് കൊടിമരങ്ങൾ മാറ്റിയതെന്നാണ‌് പ്രാദേശിക ജോസഫ‌് വിഭാഗം നേതാക്കൾ പറഞ്ഞത‌്.
തൊടുപുഴയിലെ മാതാ ഷോപ്പിങ‌് ആർക്കേഡിലെ പഴയ ജോസഫ‌് വിഭാഗത്തിന്റെ ഓഫീസിനു മുന്നിലെ കൊടിമരത്തിൽ രണ്ടില ചിഹ്നവും കെസിഎം എന്ന അക്ഷരങ്ങളും അടർത്തിമാറ്റി പുതിയ കൊടി ഉയർത്തിയിട്ടുണ്ട‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..