തൊടുപുഴ
ഇടുക്കി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനം വ്യാഴാഴ്ച പകൽ 11ന‌് മുഖ്യമന്ത്രി പിണറായി വിജയൻ കട്ടപ്പനയിൽ നിർവഹിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ റോഷി അഗസ്റ്റിൻ എംഎൽഎയും കൺവീനർ സി വി വർഗീസും അറിയിച്ചു. പതിനായിരം കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്നതാണ് ഇടുക്കി പാക്കേജ്.
ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ പാക്കേജ‌്, ഇടുക്കിയുടെ ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ളതാണ‌്. കാർഷികമേഖലയിലടക്കം സർവതല സ്പർശിയായ വികസന കാഴ്ചപ്പാടായിരിക്കും പാക്കേജ‌് മുന്നോട്ടുവയ്‌ക്കുക. ജില്ലയുടെ അടുത്ത അഞ്ചുവർഷത്തെ വികസനം പ്രായോഗികതലത്തിൽ നടപ്പാക്കാനുള്ള പദ്ധതികൾ പാക്കേജിൽ ഉണ്ടാകും. പാക്കേജിന്റെ ഭാഗമായുള്ള പ്രത്യുൽപ്പാദനപരമായ മൂലധനനിക്ഷേപം ജില്ലയുടെ സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുമെന്നും അവർ പറഞ്ഞു.
കട്ടപ്പനയിലെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കലക്ടർ എച്ച് ദിനേശന്റെ നേതൃത്വത്തിൽ സ്വീകരിച്ച് ആനയിക്കും. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അധ്യക്ഷനാവും. മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി എം എം മണി, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..