ന്യൂഡൽഹി
കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രാപ്‌തി ചോദ്യംചെയ്‌ത് പുതുച്ചേരിയിലെ ഭരണമാറ്റം. ദക്ഷിണേന്ത്യയിൽ അവശേഷിക്കുന്ന ഏക സംസ്ഥാന ഭരണംകൂടി ബിജെപിയെ ഏൽപ്പിച്ചതാണ് ഹൈക്കമാൻഡിന്റെ രാഷ്ട്രീയ വീഴ്‌ചയായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധിഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഹൈക്കമാൻഡ് പൂർണമായും പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ. 40 വർഷത്തിനിടെ ഇതാദ്യമായി ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനത്തുപോലും ഭരണത്തിലില്ലാത്ത അവസ്ഥയിലേക്ക് കോൺഗ്രസിനെ എത്തിച്ചത് കേന്ദ്രനേതൃത്വത്തിന് പറ്റിയ വീഴ്‌ച എടുത്തുകാട്ടി.
മധ്യപ്രദേശ്, കർണാടക, അരുണാചൽ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിൽനിന്ന് മറ്റൊരു സംസ്ഥാനഭരണംകൂടി ബിജെപി പിടിക്കുന്നത്. പുതുച്ചേരിയിലും 2018 മുതൽ അട്ടിമറിശ്രമങ്ങൾ ആരംഭിച്ചിരുന്നു. ബിജെപി പിന്തുണയോടെ എഐഎഡിഎംകെയും എൻആർ കോൺഗ്രസുമാണ് ഭരണകക്ഷി എംഎൽഎമാരെ വലവീശിത്തുടങ്ങിയത്. കൂറുമാറാൻ പ്രേരിപ്പിച്ച് രണ്ട് പാർടിയും സമീപിച്ചതായി അറിയിച്ച് രണ്ട് കോൺഗ്രസ് എംഎൽഎമാർ സ്‌പീക്കർക്ക് തെളിവടക്കം പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല.
മുൻ പൊതുമരാമത്ത് മന്ത്രി എ നമശിവായത്തെപ്പോലുള്ള നേതാക്കൾ അതൃപ്‌തരാണെന്ന് നേരത്തേ അറിഞ്ഞിട്ടും ഹൈക്കമാൻഡ് ഇടപെട്ടില്ല. എൻആർ കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എൻ രംഗസ്വാമിയുടെ ജ്യേഷ്ഠനാണ് നമശിവായത്തിന്റെ ഭാര്യാപിതാവ്. ഈ വഴിക്കും സമ്മർദങ്ങൾ വന്നതോടെ നമശിവായം ബിജെപിയായി. സ്‌പീക്കർ ശിവകൊളുന്തുവിന്റെ കാര്യത്തിലും പുതുച്ചേരിയിലെ കോൺഗ്രസ് നേതാക്കൾ സംശയത്തിലാണ്. നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് ബിജെപി എംഎൽഎമാരെ സ്‌പീക്കർ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന പ്രതീക്ഷയായിരുന്നു മുഖ്യമന്ത്രി നാരായണസ്വാമിക്ക്. എന്നാൽ, അവിശ്വാസം പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ സ്‌പീക്കർ മൗനം പാലിച്ചു.
എംഎൽഎമാർ ഒന്നൊന്നായി ബിജെപിയിലേക്ക് ചേക്കേറുമ്പോഴും ഹൈക്കമാൻഡ് നോക്കിനിന്നു. ഒന്നോരണ്ടോപേർ കൂറുമാറിയാലും സർക്കാർ നിലംപൊത്തില്ലെന്ന മൂഢവിശ്വാസമാണ് മുഖ്യമന്ത്രിയെപ്പോലെ ഹൈക്കമാൻഡിനെയും നയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..